പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു പിന്തുണയേകി തിങ്കളാഴ്ച രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കും. രാവിലെ ആറുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെ അടിയന്തര സേവനങ്ങള്‍ ഒഴികെ മുഴുവന്‍ വിഭാഗവും സ്തംഭിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) യുടെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.

എമര്‍ജന്‍സി, കാഷ്വാലിറ്റി സേവനങ്ങള്‍ പതിവുപോലെ നടക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍മേഖലയിലെ മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രതലത്തില്‍തന്നെ നിയമം രൂപീകരിക്കണമെന്നാണ് ഐഎംഎയുടെ ആവശ്യം.

പശ്ചിമബംഗാളിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ചമുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്. നിയമനിര്‍മാണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ കത്ത് നല്‍കി.

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ സെക്രട്ടറിയറ്റില്‍ അടച്ചിട്ടമുറിയിലല്ല, മാധ്യമങ്ങളുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാവണം ചര്‍ച്ചയെന്ന് നേതാക്കള്‍ അറിയിച്ചു. സമരത്തിന് പിന്തുണയുമായി രാജിസന്നദ്ധതയിയിച്ച് കൂടുതല്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി.

കേരളത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെ ഡോക്ടര്‍മാര്‍ പണിമുടക്കും. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒപി ബഹിഷ്‌കരിക്കും.

കെജിഎസ്ഡിഎയുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒപിയില്‍നിന്നു വിട്ടുനില്‍ക്കും. അത്യാഹിതവിഭാഗങ്ങളെ ബാധിക്കില്ലെങ്കിലും സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം നിശ്ചലമാകും. ഡോക്ടര്‍മാര്‍ തിങ്കളാഴ്ച രാവിലെ 10ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.

മെഡിക്കല്‍വിദ്യാര്‍ഥികളും ജൂനിയര്‍ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. കറുത്ത ബാഡ്ജ് ധരിച്ചാകും ജോലിക്കെത്തുക. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടും. സ്വകാര്യാശുപത്രികളും പ്രവര്‍ത്തിക്കില്ല.