സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലം ഇ ശ്രീധരന്‍റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചു. കാണ്‍പൂര്‍, റൂര്‍ഖി ഐഐടികളിലെ വിസിറ്റിംഗ് പ്രൊഫസറായ മഹേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഒന്നര മണിക്കൂറോളം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റെയും ആവശ്യപ്രകാരമാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ പാലാരിവട്ടം മേല്‍പ്പാലത്തില്‍ പരിശോധന നടത്തിയത്. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്ന പാലത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഒന്നര മണിക്കൂറോളം ഇ ശ്രീധരന്‍റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി.

അദ്ദേഹത്തോടൊപ്പം സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ അന്താരാഷ്ട്ര അംഗീകാരമുളള വിദഗ്ധന്‍ മഹേഷ് ഠണ്ടനും ഉണ്ടായിരുന്നു.  കൊച്ചിയിലെ ഡിഎംആര്‍സി ഓഫീസില്‍  പരിശോധനയിലെ കണ്ടെത്തലുകളും തുടര്‍ നടപടി സംബന്ധിച്ച് ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. 

പാലാരിവട്ടം മേല്‍പ്പാലം ഒരു കോണ്‍ക്രീറ്റ് വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇ ശ്രീധരന്‍ ക‍ഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പാലം പൊളിച്ചുനീക്കാതെ പുനരുദ്ധാരണം സാധ്യമാണോ എന്നതിന് ശ്രീധരന്‍റെ റിപ്പോര്‍ട്ട്പ്രകാരമാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതരമായ സാങ്കേതിക തകരാര്‍ ഉണ്ടെന്ന് നേരത്തേ തന്നെ വിദഗ്ധ റിപ്പോര്‍ട്ട് വന്നിരുന്നു. ക‍ഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ പാലം നിര്‍മ്മാണത്തില്‍ വന്‍ അ‍ഴിമതിയുളളതായി വിജിലന്‍സും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.