സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം ഡിആര്‍ഐക്ക് മുമ്പാകെ കീഴടങ്ങി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഡി ആര്‍ ഐക്ക് മുമ്പാകെ കീഴടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു കീഴടങ്ങല്‍. ഇയാളെ ഡിആര്‍ഐ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐയും ഒരുപോലെ തിരയുന്ന ഒരാളായിരുന്നു വിഷ്ണു സോമസുന്ദരം.വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന വിഷ്ണുവിന്റെ ചോദ്യം ചെയ്യല്‍ ഡി.ആര്‍.ഐക്ക് ഏറെ നിര്‍ണ്ണായകമാണ്.

സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ വിഷ്ണു, പ്രകാശന്‍ തമ്പി, എം. ബിജു, അബ്ദുള്‍ ഹക്കീം എന്നിവരോടൊപ്പമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ഡി ആര്‍ ഐ കണ്ടെത്തിയിരുന്നു.വിഷ്ണുവിന്റെ പങ്കാളിത്തം വ്യക്തമാകുന്ന തെളിവും ഡി ആര്‍ ഐ യ്ക്ക് ലഭിച്ചിരുന്നു.

ഇക്കാര്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഡിആര്‍ഐ വ്യക്തമാക്കിയിരുന്നു. വിഷ്ണുവിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള ഡിആര്‍ഐയുടെ വാദം അംഗീകരിച്ച ഹൈകോടതി നിയമബിരുദധാരികൂടിയായ വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കൂടാതെ ഡിആര്‍ഐക്ക് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പത്തേകാലോടെ വിഷ്ണു കൊച്ചി ഡി ആര്‍ ഐ ഓഫീസില്‍ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here