മദ്യപരുടെ ആക്രമണത്തില്‍ പൂജാരിക്ക് ദാരുണ അന്ത്യം. ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തില്‍ ഒരു സംഘം യുവാക്കള്‍ മദ്യപിക്കുകയും ഇത് ചോദ്യം ചെയ്യാനെത്തിയ പൂജാരിയെ യുവാക്കള്‍ ചേര്‍ന്ന് കുത്തികൊല്ലുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരി സുന്ദര്‍ ഭൂയിയ ആണ് കൊല്ലപ്പെട്ടത്.

സുന്ദര്‍ ഭുയിയയുടെ മരണമൊഴിയിലാണ് ക്ഷേത്രത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ വിവരിക്കുന്നത്. എല്ലാ ദിവസവും രാത്രിയാകുമ്പോള്‍ ഒരു സംഘം യുവാക്കള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കും. തുടര്‍ന്ന് മദ്യപിക്കുകയും മാംസാഹാരം കഴിക്കുകയും ചെയ്യും. ഇത് ചെയ്യരുതെന്ന് താക്കീത് നല്‍കിയതിനാണ് തന്നെ യുവാക്കള്‍ ആക്രമിച്ചതെന്ന് പൂജാരി പറഞ്ഞു. കുത്തേറ്റ് അവശനിലയിലായ പൂജാരിയെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു.

പിറ്റേദിവസം രാവിലെ ക്ഷേത്രത്തിലെത്തിയവര്‍ ചേര്‍ന്ന് പൂജാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. പൂജാരിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.