ബംഗാളില്‍ ഒരാഴ്ചയായി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.അതേസമയം ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും.

ഏഴ് ദിവസം നീണ്ട സമരത്തിനൊടുവിലാണ് ബംഗാള്‍ മുഖ്യമന്ത്രിയും സമരം നടത്തിയ ഡോക്ടര്‍മാരുമായി ചര്‍ച്ച നടന്നത്. കഴിഞ്ഞ ശനിയാഴ്ച്ച ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും മമത അറിയിച്ചു.

ഇതിന് പിന്നാലെയാണ് ഇന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച നടന്നത്. വൈകിട്ട് നാലുമണിയോടെ ആരംഭിച്ച ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു . ഡോക്ടര്‍മാര്‍ക്ക് സുരക്ഷക്കായി നോഡല്‍ പോലീസ് ഓഫീസറെ ആശുപത്രികളില്‍ നിയമിക്കാന്‍ മമത ഉത്തരവിട്ടു. അതോടൊപ്പം എമര്‍ജന്‍സി വാര്‍ഡില്‍ രോഗിക്കൊപ്പം രണ്ട് പേരില്‍ കൂടുതല്‍ നില്‍ക്കാന്‍ പാടില്ല.

രാത്രിസമയങ്ങളില്‍ ആശുപത്രികള്‍ക്ക് കൂടുതല്‍ സുരക്ഷ തുടങ്ങിയ ഉറപ്പുകളും മമത നല്‍കി . സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും ജൂനിയര്‍ ഡോക്ടറെ അക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. 14 മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 31 പേരാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. അതിനിടയില്‍ മാധ്യമങ്ങളെ ചര്‍ച്ചയില്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം ചര്‍ച്ച പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും എയിംസിലെ റെസിഡന്റ് ഡോക്ടര്‍മാരും ഇന്ന് പണിമുടക്ക് നടത്തി. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കും.