ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾ സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നൽകും. സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാകും അപ്പീൽ. ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ രൂപീകരിച്ചതിനാൽ ഭരണ നിർവഹണത്തിന് സ്റ്റേ റദ്ദാക്കേണ്ടത് അനിവാര്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടും.

ഖാദർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപ്പാക്കുന്ന സ്കൂൾ ഏകീകരണമടങ്ങുന്ന തീരുമാനങ്ങൾ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. തുടർനടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നതെങ്കിലും വകുപ്പിലെ ഭരണനിർവഹണത്തിന് സ്റ്റേ തടസ്സമാകുമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ഇൗ സാചര്യത്തിലാണ് സർക്കാർ സ്റ്റേ റദ്ദാക്കാൻ അപ്പീൽ നൽകാനൊരുങ്ങുന്നത്.

ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ രൂപീകരണം യാഥാർഥ്യമായതോടെ പ്ലസ് ടുവരെയുളള വിദ്യാഭ്യാസം ഒരു ഡയറക്ട്രേറ്റിന് കീഴിലായി. ഒരു പരീക്ഷാ കമ്മീഷണർക്കാണ് മുഴുവൻ പരീക്ഷാ നടത്തിപ്പിന്‍റെയും ചുമതല.

ഡയറക്ട്രേറ്റ് രൂപീകരണം ഉൾപ്പടെ ഇതുവരെയുളള തീരുമാനങ്ങൾ നിലനിൽക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. പക്ഷേ വകുപ്പിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉത്തരവുകൾ ഇറക്കണമെങ്കിൽ സ്റ്റേ തടസ്സമാകുമെന്നതാണ് സർക്കാരിന്‍റെ ആശങ്ക.

ഇത് ഒ‍ഴിവാക്കാനായാണ് സർക്കാർ അപ്പീൽ നൽകുന്നത്. ഭരണ നിർവഹണത്തിന് സ്റ്റേ റദ്ദാക്കേണ്ടത് അനിവാര്യമാണെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടും.