തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും യുഡിഎഫ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

2012 നവംബര്‍ 28ന് യുഡിഎഫ് മന്ത്രിസഭയാണ് സംസ്ഥാനത്ത് മെട്രോപൊളിറ്റന്‍ പൊലീസ് സംവിധാനം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ധന, നിയമ വകുപ്പുകളുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തിയ ഫയല്‍ വീണ്ടും മന്ത്രിസഭയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

2013 ജനുവരി 23ന്റെ മന്ത്രിസഭായോഗം തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളില്‍ മെട്രോപൊളിറ്റന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ജനുവരി 29ന് കമ്മീഷണറേറ്റ് രൂപീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശയമല്ല. യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണ് ഉത്തരവിറക്കിയത്. വിശദമായ ചര്‍ച്ചയ്ക്കും പരിശോധനയ്ക്കും ശേഷമാണ് യുഡിഎഫ് സര്‍ക്കാര്‍ നയപരമായ ഈ തീരുമാനമെടുത്തത്. ജില്ലാ മജിസ്ട്രേട്ടിന്റെ അധികാരത്തോടെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അധികാരം കമീഷണര്‍മാര്‍ക്ക് നല്‍കാമോ എന്നതു സംബന്ധിച്ച കുറിപ്പുകളും ഫയലിന്റെ ഭാഗമായി അന്നുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.