ഖത്തറിന് 2022-ലെ ഫുട്ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയാപാര്‍ട്ടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. വേദി അനുവദിക്കുന്നതു സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പില്‍ പ്ലാറ്റിനി ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2007 മുതല്‍ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി. പാരീസില്‍ അറസ്റ്റിലായ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് ആന്റി കറപ്ഷന്‍ ഓഫീസില്‍ ചോദ്യം ചെയ്യും. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ സെക്രട്ടറി ജനറലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

ചൈനയെ മറികടന്ന് ഖത്തര്‍ ലോകകപ്പ് വേദി സ്വന്തമാക്കിയതിന് പിന്നില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണ് പ്ലാറ്റിനിയോട് ഖത്തറിനു വേദി മറിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഖത്തര്‍ ഭരണാധികാരിയുമായി സര്‍ക്കോസിക്കുള്ള അടുപ്പമാണ് ഇതിലേക്ക് നയിച്ചത്. മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ എഴുതിയ പുസ്തകത്തിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

ലോകകപ്പ് വേദി ലഭിച്ചതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഖത്തര്‍ വ്യവസായ മേഖലയില്‍ നിന്ന് വലിയ നിക്ഷേപം എത്തിയിരുന്നു. സര്‍ക്കോസി പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്.