കുവൈറ്റില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാത്തതിന്റെ പേരില്‍ രാജ്യത്തെ ആയിരത്തി അറുനൂറ് കമ്പനികളുടെ ഫയല്‍ റദ്ദാക്കി. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറാണ് ഇത്രയും കമ്പനികളുടെ സര്‍ക്കാര്‍ ഫയലുകള്‍ റദ്ദ് ചെയ്തത്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത കമ്പനികള്‍ക്കാണ് ഈ നടപടി നേരിടേണ്ടി വന്നത്.

തൊഴില്‍വിപണിയിലെ സുസ്ഥിരത നില നിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഏവരുടെയും അവകാശം സംരക്ഷിക്കുമെന്നും മന്ത്രാലയത്തെ ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു . ഇത്തരം നടപടികള്‍ രാജ്യത്ത് ചില ഇടങ്ങളിലെങ്കിലും നടന്ന തൊഴില്‍ സമരങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഓയില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ ഒരു പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയിലെ നൂറുക്കണക്കിന് തൊഴിലാളികള്‍ മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കമ്പനികളുടെ ഫയല്‍ ഉള്‍പ്പെടെ റദ്ദ് ചെയ്യുന്ന നടപടികളെന്നു വേണം കരുതാന്‍.