ഫോണിലൂടെ ദളിത് ആക്ടിവിസ്റ്റ് യുവതിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ നടന്‍ വിനായകനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇതിനിടെ സംഭവത്തില്‍ പ്രതികരണവുമായി വിനായകന്‍ തന്നെ രംഗത്തെത്തി.

കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന അറിയിപ്പൊന്നും ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്കുണ്ടായിട്ടില്ല,

കേസുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും വിനായകന്‍ പറയുന്നു.

‘എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? ‘പിടിച്ചോട്ടെ,’ ജയിലില്‍ കിടക്കണോ? ‘എനിക്കെന്താ,’ എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലാണ് വിനായകന്‍ കേസിനെ കുറിച്ച് പറഞ്ഞതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അപമര്യാദയായി ഒരാള്‍ തന്നോട് സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

ദളിത് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ചടങ്ങിനായി വയനാട്ടിലെത്തിയതായിരുന്നു യുവതി.

ചടങ്ങില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി. നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീവിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്.

പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല-എന്നായിരുന്നു യുവതി കുറിച്ചത്.

വിനായകനുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.