ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘കഖഗഘങചഛജഝഞ’ സമാന്തര റിലീസിങ്ങിനൊരുങ്ങുന്നു. സംവിധായകന്‍ ഫെയ്സ്ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്. പോസ്റ്ററടിക്കാനോ ഓണ്‍ലൈന്‍ പബ്ലിസിറ്റിക്കോ പണമില്ല എന്നും ഷെറി പോസ്റ്റില്‍ കുറിക്കുന്നു.

2011ല്‍ പുറത്തിറങ്ങിയ ‘ആദിമധ്യാന്തം’ എന്ന സിനിമയിലൂടെയാണ് ഷെറി ശ്രദ്ധേയനാവുന്നത്. ദേശീയ പുരസ്‌കാരത്തിലെ പ്രത്യേക പരാമര്‍ശം, നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് എന്നിവയും ഷെറിയെ തേടിയെത്തിയിരുന്നു. തുടര്‍ന്ന് സംവിധാനം ചെയ്ത വിനയ് ഫോര്‍ട്ട് ചിത്രം ഗോഡ്‌സെയും ശ്രദ്ദേയമായിരുന്നു. എന്നാല്‍ ‘കഖഗഘങച’ കഴിഞ്ഞ ചലച്ചിത്ര മേളയിലേക്ക് അയച്ചിരുന്നെങ്കിലും ചലച്ചിത്ര അക്കാദമി സിനിമ തിരസ്‌കരിക്കുകയായിരുന്നു.

ഡോ. ബിജു ഉള്‍പ്പെടെയുള്ള സംവിധായകര്‍ ‘കഖഗഘങച’ തിരുവനന്തപുരം മേളയിലേക്ക് തെരഞ്ഞടുക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. മലയാളം ഒരിക്കലും കൈവിടാന്‍ പാടില്ലാത്ത സിനിമയാണ് ഷെറിയുടെതെന്നും, ഒരു സ്വതന്ത്ര സിനിമയെ തഴയുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഒരു സംവിധായകനെ കൊല്ലുകയാണെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

”ഷെറി ഗോവിന്ദന്‍ നമുക്ക് നഷ്ടപ്പെടുത്താനാവാത്ത സംവിധായകനാണെന്ന് അയാളുടെ സിനിമ നിങ്ങളോട് പറയും. ഈ സിനിമയെ ഉള്‍പ്പെടെ (സുദേവന്റെ അകത്തോ പുറത്തോ, ബാബുസേനന്‍ സഹോദരങ്ങളുടെ സുനേത്ര എന്നിവയും ഓര്‍ക്കണം) തഴയുമ്പോള്‍ ജൂറികളില്‍ നല്ല സിനിമയുടെ അപ്പോസ്തലന്‍മാരായി ചമയുന്ന പലരും ഉണ്ടായിരുന്നു എന്നത് ലജ്ജാകരമാണ്.

എനിക്കപ്പുറം പ്രളയം എന്ന് കരുതുന്ന ഇത്തരക്കാരെ കാലം കള്ള നാണയങ്ങളെന്നുതന്നെ വിളിക്കും. അക്കാദമിയും കള്ളനാണയങ്ങളും ചേര്‍ന്ന് ചവുട്ടിയൊതുക്കിയ സിനിമയോട് ഫിലിം സൊസൈറ്റികളും സിനിമാസ്‌ന്ഹികളും നീതി കാട്ടണമെന്നും ചെലവായ പണമെങ്കിലും തിരിച്ചുകിട്ടുന്ന രീതിയില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടു വരണമെന്നും ഡോ. ബിജു ഫേസ് ബുക്കില്‍ അഭ്യര്‍ത്ഥിച്ചു.

‘കഖഗഘങ’യുടെ സമാന്തര റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ഷെറി ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:

റിലീസിങ്ങിന് മുമ്പുള്ള പരസ്യമായി കണ്ടാല്‍ മതി…
കുറച്ച് ദിവസം മുമ്പ് കഖഗഘങചഛജഝഞ… ഉഢഉ കണ്ട് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ വൈകാരികമായി പ്രതികരിക്കുകയുണ്ടായി. എറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നായി ചിത്രത്തെ എവിടെയും പറയുമെന്നും മറ്റും ….. മലയാളത്തിലെ പ്രമുഖ സംവിധായകരായ
സനല്‍കുമാറും ബിജു ഡോക്റ്ററും മധുപാലും സുദേവനും സജിന്‍ ബാബുവും സതീഷ് ബാബുസേനനുമൊക്കെ ചിത്രത്തെ കുറിച്ച് നല്ലത് മാത്രം എഴുതുകയും പറയുകയും ചെയ്യുന്നുമുണ്ട്. (പോസ്റ്ററടിക്കാനോ ഓണ്‍ലൈന്‍ പബ്ലിസിറ്റിക്കോ പണമില്ലാത്തത് കൊണ്ടാണ് സ്വന്തം ചിത്രത്തെ കുറിച്ച് സ്വയമിങ്ങനെയൊക്കെ പറയേണ്ടി വന്നത് )

ചിത്രം തിയറ്ററുകളിലല്ലാതെ സമാന്തരമായി റിലീസ് ചെയ്യാന്‍ ആലോചിക്കുന്നു. ജൂലായ് പാതിയില്‍ തുടങ്ങുന്ന ഒരു യാത്രയില്‍ പരമാവധി സ്ഥലങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആലോചിക്കുന്നു. റെഡ് ബ്ലൂ ഗ്രീന്‍ യെല്ലോ എന്ന അരമണിക്കൂര്‍ ഡോക്യുമെന്ററിയടക്കം രണ്ട് മണിക്കൂര്‍ പ്രദര്‍ശനമാണ് ആലോചന ..

പരമാവധി കേരളം കണ്ട് മനുഷ്യരോട് സംസാരിക്കുക എന്ന അത്യാഗ്രഹം കൂടിയുണ്ട് ചിന്തയില്‍ ..
ഫിലിം സൊസൈറ്റികളും മറ്റ് സാംസ്‌കാരിക – വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെയായി ബന്ധപെടാന്‍ ശ്രമിക്കുന്നു.
പ്രദര്‍ശനത്തിന് താല്‍പര്യമുള്ളവര്‍ക്ക് എന്റെ നമ്പറിലോ ഈ നമ്പറിലോ ബന്ധെപ്പെടാം – 8304912889 ( അര്‍ജുന്‍ ) ”