വിവാഹ അഭ്യത്ഥന നിരസിച്ചതിന്റെ പേരില്‍ വീടിന്റെ ഓടിളക്കിയിറങ്ങി യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ഇരവിപുരം പോലീസ് പിടികൂടി.

വര്‍ക്കല വടശ്ശേരികോണം ചാണയ്ക്കല്‍ ചാമ വിള വീട്ടില്‍ ഷിനു (25) ആണ് പിടിയിലായത്.

തട്ടാമല സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്തനയുമായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും സമീപിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം വിവാഹ അഭ്യര്‍ത്തന നിരസിക്കുകയായിരുന്നു.

പെണ്‍കുട്ടി പഠിക്കുന്ന കോളേജില്‍ പോയും ഇയാള്‍ ശല്യം ചെയ്തിരുന്നു.

പെണ്‍കുട്ടിയും കുടുംബവും വഴങ്ങാതായതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമിക്കാന്‍ മുതിര്‍ന്നത്.

വീടിന്റെ മുകളില്‍ കയറുകയും വീടിന്റെ ഓടിളക്കി പെണ്‍കുട്ടിയുടെ മുറിയില്‍ ഇറങ്ങി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.

ഭയന്നോടിയ പെണ്‍കുട്ടി അടുത്ത മുറിയില്‍ കയറി കതകടച്ച് ബഹളം വച്ച് രക്ഷപെടുകയായിരുന്നു.

നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ഇരവിപുരം പോലീസ് പിടികൂടുകയായിരുന്നു.

ഇരവിപുരം ഇന്‍സ്‌പെക്ടര്‍ ദേവരാജന്‍, എസ്.ഐമാരായ ജ്യോതി സുധാകര്‍, അനീഷ്, എ.എസ്.ഐ.സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.