ഓള്‍ഡ് ട്രഫോഡ് എഴുപത്തേഴു മിനിറ്റാണ് ഇയോവിന്‍ മോര്‍ഗന്‍ കളത്തിലുണ്ടായത്. ആ സമയമത്രയും അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ ഒരുകിയൊലിച്ചു.

17 സിക്‌സറുകള്‍, 4 ബൗണ്ടറികള്‍. 71 പന്തില്‍ 148 റണ്‍. പ്രഹരശേഷി 208. 47-ാം ഓവറിന്റെ അവസാന പന്തില്‍ കളംവിടുമ്പോള്‍ മോര്‍ഗന്റെ സ്‌കോര്‍ വിശേഷണം ഇതായിരുന്നു.

നേടിയതില്‍ 102 റണ്ണും സിക്‌സറുകള്‍ കൊണ്ട്. 57 പന്തില്‍ മൂന്നക്കം കണ്ടു. മൂന്നാമനായി ക്രീസിലെത്തുമ്പോള്‍ 45 റണ്ണുമായി ജോ റൂട്ടായിരുന്നു ക്രീസില്‍. റൂട്ടിനെ കാഴ്ചക്കാരനാക്കി മോര്‍ഗന്‍ തകര്‍ത്തടിച്ചു.

മോര്‍ഗനും ജോണി ബെയര്‍സ്‌റ്റോയും (99 പന്തില്‍ 90) റൂട്ടും (82 പന്തില്‍ 88) മൊയീന്‍ അലിയും (9 പന്തില്‍ 31) ചേര്‍ന്ന് അഫ്ഗാനെ നിലംപരിശാക്കി അടിച്ചുകൂട്ടിയത് 6-397 റണ്‍.

അഫ്ഗാന്റെ ചെറുത്തുനില്‍പ്പ് എട്ടിന് 247ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 150 റണ്‍ ജയം. മോര്‍ഗനാണ് കളിയിലെ കേമന്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ട് ഒന്നാമതായി.

കരുത്തിന്റെ ഇന്നിങ്‌സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റേത്. പരിക്ക് ആശങ്കകളെ മോര്‍ഗന്‍ ഓള്‍ഡ് ട്രഫോഡ് മൈതാനത്തിന്റെ പുറത്തേക്ക് പറത്തിക്കളഞ്ഞു.

പന്തെടുത്തവര്‍ക്കെല്ലാം കണക്കിനുകിട്ടി. റഷീദ് ഖാനായിരുന്നു ഇര. ഏഴ് സിക്‌സറുകളാണ് മോര്‍ഗന്‍ മാത്രം പറത്തിയത്. ആകെ 11 എണ്ണം വഴങ്ങി ഈ ഇരുപതുകാരന്‍. ഒമ്പത് ഓവറില്‍ വിട്ടുകൊടുത്തത് 110 റണ്‍.

ജാസണ്‍ റോയിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം ജെയിംസ് വിന്‍സെയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് ആരംഭിച്ചത്. കരുതലോടെ ഇംഗ്ലണ്ട് തുടങ്ങി.

26 റണ്ണെടുത്ത വിന്‍സെയെ ദൗലത് സര്‍ദ്രാന്‍ പുറത്താക്കുമ്പോള്‍ ഒമ്പത് ഓവറില്‍ 44 റണ്ണായിരുന്നു ഇംഗ്ലണ്ടിന്.റൂട്ടും ബെയര്‍സ്‌റ്റോയും 15 ഓവറിനുശേഷമാണ് വേഗം കൂട്ടിയത്.

അഫ്ഗാന്റെ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ ഒന്നും ചെയ്യാനായില്ല. മുഹമ്മദ് നബിയും റഷീദും മങ്ങി. മുജീബ് ഉര്‍ റഹ്മാനും വിക്കറ്റെടുക്കാനായില്ല.

സെഞ്ചുറിക്ക് പത്ത് റണ്ണകലെവച്ച് ബെയര്‍സ്‌റ്റോയെ ഗുല്‍ബദീന്‍ നയ്ബ് പുറത്താക്കിയപ്പോള്‍ അഫ്ഗാന്‍ ആശ്വസിച്ചു. എന്നാല്‍, വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് അവര്‍ അറിഞ്ഞില്ല.

മോര്‍ഗന്‍ അഫ്ഗാന്‍ ബൗളിങ് നിരയില്‍ നാശംവിതച്ചു. 30 ഓവറില്‍ 2-164 റണ്ണെന്ന നിലയില്‍നിന്ന് അസ്ത്രവേഗത്തില്‍ ഇംഗ്ലണ്ടിന്റെ റണ്‍നിരക്കുയര്‍ന്നു.

400 റണ്‍ ലക്ഷ്യമാക്കിയാണ് അവസാന പത്ത് ഓവറില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്തത്. മോര്‍ഗന്‍ മടങ്ങിയത് ചെറുതായി ബാധിച്ചു. എങ്കിലും ഒമ്പത് പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും പായിച്ച അലി ഇംഗ്ലണ്ടിനെ 400ന് അരികിലെത്തിച്ചു. ജോസ് ബട്ലര്‍ക്കും (2 പന്തില്‍ 2) ബെന്‍ സ്‌റ്റോക്‌സിനും (6 പന്തില്‍ 2) തിളങ്ങാനായില്ല.

മറുപടിക്കെത്തിയ അഫ്ഗാന്‍ വിക്കറ്റ് കളയാതെ പിടിച്ചുനിന്നു. ഹഷ്മത്തുള്ള ഷാഹിദി (100 പന്തില്‍ 76), അസ്ഗര്‍ അഫ്ഗാന്‍ (48 പന്തില്‍ 44), റഹ്മത് ഷാ (74 പന്തില്‍ 46) എന്നിവര്‍ പൊരുതി.

മത്സരത്തില്‍ ആകെ 33 സിക്സറുകളാണ് പിറന്നത്. 25 സിക്സര്‍ ഇംഗ്ലണ്ടും എട്ടെണ്ണം അഫ്ഗാനും പറത്തി. ലോകകപ്പില്‍ റെക്കോഡാണിത്.