പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പാലാരിവട്ടം മേല്പാലം സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നിര്‍മ്മിച്ച പാലം അഴിമതിയുമായി ബന്ധപ്പെട്ട് വന്‍ ഗൂഢാലോചന നടന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.പരിശോധനയില്ലായ്മയും അഴിമതിയും പാലത്തിന്റെ ഗുണനിലവാരമിടിച്ചെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

ആവശ്യത്തിനുള്ള സിമന്റ്‌പോലുമില്ലാതെയാണ് പാലം നിര്‍മ്മിച്ചതെന്ന് ഐ ഐ ടി യുടെ പഠന റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ്സിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേല്പാലം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിജിലന്‍സിന്റെ പ്രധാന കണ്ടെത്തല്‍. കോണ്‍ക്രീറ്റിങ്ങിനും ടാറിങ്ങിനും ഇടയില്‍ ഉപയോഗിച്ച കോമ്പൗണ്ട് ഗുണനിലവാരമില്ലാത്തതായിരുന്നു.ഇക്കാരണത്താല്‍ പാലത്തില്‍ കുഴികളും വിള്ളലുമുണ്ടാക്കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സിന്റെ മറ്റ് കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.’

പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങില്‍ പാലിക്കേണ്ട അളവുകള്‍ തെറ്റി.ഗ്രേഡ് എം 35ന് പകരം ഗ്രേഡ് എം 22 ആണ് ഉപയോഗിച്ചത്.കോണ്‍ക്രീറ്റിംഗിലെ ഈ പാളിച്ചയും ഗുണം കുറഞ്ഞ കമ്പി ഉപയോഗിച്ചതും പാലത്തിന്റെ ബലക്ഷയത്തിനിടയാക്കി.ഗര്‍ഡറുകള്‍ക്ക് താഴെ ഉപയോഗിച്ച ബെയറിംഗുകള്‍ പലതും സ്ഥാനം തെറ്റി സ്ഥാപിച്ചു.പലതും തകര്‍ന്ന നിലയിലുമായിരുന്നു. ഗര്‍ഡറുകള്‍ തമ്മിലുള്ള അകലം വര്‍ധിച്ചത് ഗതാഗതത്തെ ബാധിച്ചു.നിയന്ത്രണാതീതമായ വാഹനങ്ങളുടെ ഭാരവും വര്‍ധിച്ച ഗതാഗതവും പാലത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.നിര്‍മ്മാണ ഘട്ടത്തില്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളില്‍പ്പോലും വീഴ്ചയുണ്ടായെന്ന് ഈ രംഗത്തെ വിദഗ്ധന്‍ ഉപേന്ദ്ര നാരായണന്‍ ചൂണ്ടിക്കാട്ടി.

യു ഡി എഫ് ഭരണകാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചത്. റോഡ്‌സ് & ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ്‌സ് കോര്‍പ്പറേഷനെ ഏല്പിച്ചാല്‍ അഴിമതിയില്ലാതാകുമെന്നായിരുന്നു യു ഡി എഫിന്റെ വാദം. തുടര്‍ന്ന് ടെന്‍ഡര്‍ പോലും വിളിക്കാതെയായിരുന്നു ആര്‍ബിഡികെയെ നിര്‍മ്മാണം ഏല്പിച്ചത്. ഇത് വന്‍ അഴിമതിക്ക് കളമൊരുങ്ങുകയായിരുന്നുവെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആര്‍ബിഡികെയിലെയും മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന കിറ്റ്‌ക്കോയിലെയും ഉദ്യോഗസ്ഥര്‍ പദവികള്‍ ദുര്‍വിനിയോഗം ചെയ്തതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News