മഴക്കെടുതിയെയും പ്രളയത്തെയും അതിജീവിക്കുന്ന നെല്ലിനവുമായി ആലത്തൂര്‍ കര്‍ഷകര്‍

മഴക്കെടുതിയെയും പ്രളയത്തെയും അതിജീവിക്കുന്ന നെല്ലിനവുമായി ആലത്തൂരിലെ ഒരു കൂട്ടം കര്‍ഷകര്‍. തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിച്ച് കൃഷിയിറക്കിയ സിഗപ്പി നെല്ല് പ്രളയത്തെ അതിജീവിച്ച് മികച്ച വിളവ് നല്‍കിയിരുന്നു. മഴക്കെടുതിയെ മറികടന്ന സിഗപ്പി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് കര്‍ഷകര്‍.

15 വര്‍ഷത്തോളം തരിശ് കിടന്ന സ്ഥലത്ത് ആലത്തൂര്‍ മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ നിറയുടെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത്. പൊള്ളാച്ചിയില്‍ നിന്ന് സിഗപ്പി നെല്ലിനമെത്തിച്ച് ഒന്നാം വിളയിറക്കി. നെല്‍ച്ചെടി വളര്‍ന്ന് പാകമായപ്പോഴാണ് പ്രളയമെത്തി പാടശേഖരം മുങ്ങിയത്. ഒരാഴ്ചയിലേറെ വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ കൃഷി നശിക്കുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ തൊട്ടടുത്തുള്ള പാടശേഖരങ്ങളില്‍ കൃഷി നശിച്ചപ്പോള്‍ സിഗപ്പി മാത്രം തലയുയര്‍ത്തി നിന്നു. പ്രളയത്തെ അതിജീവിച്ച നെല്ലിനം തരിശായി കിടക്കുന്ന കൂടുതല്‍ പാടങ്ങളില്‍ കര്‍ഷകര്‍ ഇത്തവണ വിളവിറക്കിയിട്ടുണ്ട്.

കുടുംബശ്രീ പ്രവര്‍ത്തകരും പാടശേഖര സമിതിയും സംയുക്തമായാണ് കൃഷിയിറക്കിയത്. പ്രളയത്തെ അതിജീവിച്ചതിനാല്‍ കഴിഞ്ഞ തവണത്തെ വിളവ് മുഴുവന്‍ വിത്തായി കര്‍ഷകര്‍ക്ക് തന്നെ നല്‍കിയിരുന്നു. 135 ദിവസത്തെ വിളവുള്ള സിഗപ്പിയില്‍ നിന്ന് ഏക്കറിന് 2500 കിലോയോളം വിളവ് ലഭിക്കും. അണ്ണാമലൈ സര്‍വ്വകലാശാല വികസിപ്പിച്ച സിആര്‍ പൊന്‍മണി ഇനത്തില്‍ സബ് വണ്‍ ജീന്‍ സംയോജിപ്പിച്ചാണ് സിഗപ്പി വികസിപ്പിച്ചെടുത്തത്. പതിവായി വെള്ളം കയറുന്ന പല പാടശേഖരങ്ങളിലും ഇത്തവണ കര്‍ഷകര്‍ പരീക്ഷണാടിസ്ഥാനത്തില്‍ സിഗപ്പി വിത്തെറിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here