ജനപ്പെരുപ്പം; ഇന്ത്യ ചെെനയെ തോല്പിക്കും

ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള രാജ്യമായി 2027 ഓടെ ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോര്‍ട്ട്.

ലോകത്ത് വയോജനങ്ങളുടെ എണ്ണമേറിവരികയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യ 1100കോടി എന്ന അത്യുന്നതിയിലെത്തും.

ജനസംഖ്യ ഇപ്പോഴുള്ള 770 കോടിയില്‍നിന്ന് 2030 ആകുമ്പോള്‍ 850 കോടിയും 2050ല്‍ 970കോടിയും 2100ല്‍ 1090 കോടിയും ആകും. ആഗോളജനസംഖ്യാവളര്‍ച്ചയുടെ പകുതി ഇന്ത്യയടക്കം ഒമ്പത് രാഷ്ട്രങ്ങളില്‍നിന്നാകും.

പാകിസ്ഥാന്‍, അമേരിക്ക, കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, നൈജീരിയ, താന്‍സാനിയ എന്നിവയാണ് മറ്റ് രാഷ്ട്രങ്ങള്‍.

ഇന്ത്യയില്‍ വന്‍തോതില്‍ ജനപ്പെരുപ്പം ഉണ്ടാകുമ്പോള്‍, ചൈനയടക്കം 55 രാഷ്ട്രങ്ങളില്‍ ജനസംഖ്യ കുറയും. 2019 മുതല്‍ 2050വരെ 55 രാജ്യങ്ങളില്‍ ജനസംഖ്യാനിരക്ക് ഒരു ശതമാനംവരെ കുറയും.

26 രാജ്യങ്ങളില്‍ പത്തുശതമാനംവരെ കുറവുണ്ടാകും. ചൈനയില്‍ 2.2 ശതമാനംവരെ കുറയും. 2019 മുതല്‍ 2050വരെയുണ്ടാകുന്ന ജനസംഖ്യാവളര്‍ച്ചയുടെ പകുതിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാകും.

ബള്‍ഗേറിയ, ലാത്വിയ, ലിത്വാനിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ ജനസംഖ്യയില്‍ 20 ശതമാനംവരെ കുറവുണ്ടാകും.

ചരിത്രത്തില്‍ ആദ്യമായി 2018ല്‍, ആഗോളതലത്തില്‍ 65 വയസ്സ് കഴിഞ്ഞവരുടെ എണ്ണം അഞ്ചുവയസ്സില്‍ താഴെയുള്ളവരേക്കാള്‍ കൂടുതലായി.

2050 ആകുമ്പോള്‍ 65 കഴിഞ്ഞവരുടെ എണ്ണം അഞ്ചുവയസ്സില്‍ താഴെയുള്ളവരുടെ ഇരട്ടിയാകും. ജീവിതദൈര്‍ഘ്യം ഏറുന്നതും ജനനനിരക്കില്‍ കുറവുണ്ടാകുന്നതുമാണ് വൃദ്ധരുടെ എണ്ണം കൂടാന്‍ കാരണം.

പ്രത്യുല്‍പ്പാദനനിരക്ക് 1990ല്‍ ഒരു സ്ത്രീക്ക് 3.2 എന്നായിരുന്നെങ്കില്‍ 2019ല്‍ അത് 2.5 എന്ന തോതിലായി.

ജനസംഖ്യാതോത് കുറയാതെ നിലനില്‍ക്കണമെങ്കില്‍ പ്രത്യുല്‍പ്പാദനതോത് 2.1 എന്ന നിലയില്‍ വേണം.

ചിലരാജ്യങ്ങളില്‍ ജനസംഖ്യ ഉയരാനോ കുറയാനോ കുടിയേറ്റം പ്രധാനഘടകമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ അന്യദേശസഞ്ചാരംമൂലം ജനസംഖ്യയില്‍ കുറവുണ്ടായി.

2011ലെ കാനേഷുമാരി പ്രകാരം 121 കോടിയാണ് ഇന്ത്യന്‍ ജനസംഖ്യ. 2021ലാണ് അടുത്ത ജനസംഖ്യാ കണക്കെടുപ്പ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News