സായന്തന സ്വന്തം വീട്ടിലേക്ക്; താക്കോല്‍ കൈമാറി ധനമന്ത്രി തോമസ് ഐസക്‌

മലപ്പുറം: മലപ്പുറത്ത് വെട്ടത്തൂരിലെ സായന്തനയുടെ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.

സായന്തന ആളൊരു ബഹുമുഖ പ്രതിഭയാണെന്ന് അധ്യാപകരും പൊതുപ്രവര്‍ത്തകരും ഒരേസ്വരത്തില്‍ പറയും. പാഠ്യേതര വിഷയങ്ങളില്‍ ബഹുമിടുക്കി.

എസ്എസ്എല്‍സിയ്ക്ക് ഫുള്‍ എ പ്ലസ്. കൈരളി ചാനലില്‍ അതിഥിയായെത്തി വാര്‍ത്ത വായിച്ചിട്ടുണ്ട്.

ദേശാഭിമാനി അറിവരങ്ങ് മത്സത്തില്‍ സംസ്ഥാനതലത്തില്‍ കവിതാലാപനത്തിലും വാര്‍ത്താവതരണത്തിലും തിളങ്ങി. വായനാമത്സരത്തില്‍ തുടര്‍ച്ചയായി 3 വര്‍ഷങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

എന്നാല്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാണ് സായന്തനക്ക്. സായന്തനയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

മന്ത്രി എ കെ ബാലനോട് വിവരം പറഞ്ഞു. എസ് സി എസ്ടി വകുപ്പില്‍ നിന്ന് നാലു ലക്ഷം രൂപ അനുവദിച്ചു. പിന്നൊരു അഞ്ചുലക്ഷം രൂപ നാട്ടുകാരുടെ കൂട്ടായ്മ പിരിച്ചുണ്ടാക്കി. പിടിഎയും അധ്യാപകരും രക്ഷിതാക്കളും പാര്‍ടി സഖാക്കളും ഒറ്റ ലക്ഷ്യത്തോടെ കൈകോര്‍ത്തു.

എല്ലാത്തിനും മുന്‍കൈയെടുക്കാന്‍ സ്‌കൂളിലെ സുനില്‍കുമാര്‍ എന്ന അധ്യാപകന്റെ സജീവമായ ഇടപെടല്‍. ഒടുവില്‍ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്..

ഡോ. ടി എം തോമസ് ഐസക് എഴുതുന്നു..

വീടില്ലാത്തവര്‍ക്ക് ആയിരക്കണക്കിന് വീടുകളാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പണിതുയര്‍ത്തുന്നത്. താക്കോല്‍ദാന ചടങ്ങുകളുടെ ബാഹുല്യം പ്രകടം.

എന്നാല്‍ മലപ്പുറത്ത് വെട്ടത്തൂരിലെ സായന്തനയുടെ വീടിന്റെ താക്കോല്‍ദാന ചടങ്ങ് വേറിട്ടൊരു അനുഭവമായി മനസിലെന്നും നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മയായി.

ഈ കുറിപ്പു വായിച്ചു കഴിയുമ്പോള്‍ ചടങ്ങും സായന്തന എന്ന മിടുക്കിയും നിങ്ങളുടെ മനസിലും പ്രിയങ്കരമായ സാന്നിധ്യമായി ചേക്കേറും. അതുറപ്പാണ്.

സായന്തനയെ പരിചയപ്പെടുത്താം. മലപ്പുറം വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി. ഈ മിടുക്കിയെ ഞാന്‍ പരിചയപ്പെടുന്നത് 2018 ഫെബ്രുവരിയിലാണ്.

പിടിഎയുടെ മുന്‍കൈയില്‍ പൂര്‍ത്തീകരിച്ച സ്മാര്‍ട്ട് റൂമുകള്‍ തുറന്നുകൊടുക്കുന്നതിനാണ് ഞാനെത്തിയത്. യോഗത്തിന്റെ ആങ്കറിംഗ് അതിമനോഹരമായിരുന്നു.

ആരുടെയും ശ്രദ്ധ കവരുന്ന മികവ്. ആളെ കാണാനില്ല, വേദിയ്ക്കു പുറകില്‍ നിന്നായിരുന്നു കൃത്യനിര്‍വഹണം. ചടങ്ങു കഴിഞ്ഞ് ആളെ പരിചയപ്പെട്ടു. ആ കുട്ടിയാണ് സായന്തന.

ആളൊരു ബഹുമുഖ പ്രതിഭയാണെന്ന് അധ്യാപകരും പൊതുപ്രവര്‍ത്തകരും ഒരേസ്വരത്തില്‍. പഠിക്കാന്‍ മിടുമിടുക്കി. പാഠ്യേതര വിഷയങ്ങളില്‍ ബഹുമിടുക്കി.

എസ്എസ്എല്‍സിയ്ക്ക് ഫുള്‍ എ പ്ലസ്. കൈരളി ചാനലില്‍ അതിഥിയായെത്തി വാര്‍ത്ത വായിച്ചിട്ടുണ്ട്.

ദേശാഭിമാനി അറിവരങ്ങ് മത്സത്തില്‍ സംസ്ഥാനതലത്തില്‍ കവിതാലാപനത്തിലും വാര്‍ത്താവതരണത്തിലും തിളങ്ങി. വായനാമത്സരത്തില്‍ തുടര്‍ച്ചയായി 3 വര്‍ഷങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

എന്നാല്‍ മിടുമിടുക്കിയായ ഈ കുട്ടിയുടെ വീട്ടിലെ അവസ്ഥ അതിദയനീയമായിരുന്നു. സൗകര്യങ്ങള്‍ തീരെ പരിമിതമായ ഒരു കൊച്ചുവീട്ടിലാണ് താമസം. അതാകട്ടെ പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായതും.

അവിടെയാണ് അച്ഛനമ്മമാരും സഹോദരിമാരും മുത്തശിയുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സായന്തനയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആ വേദിയില്‍ വെച്ചു ഞങ്ങള്‍ തീരുമാനിച്ചു.

മന്ത്രി എ കെ ബാലനോട് വിവരം പറഞ്ഞു. എസ് സി എസ്ടി വകുപ്പില്‍ നിന്ന് നാലു ലക്ഷം രൂപ അനുവദിച്ചു. പിന്നൊരു അഞ്ചുലക്ഷം രൂപ നാട്ടുകാരുടെ കൂട്ടായ്മ പിരിച്ചുണ്ടാക്കി.

പിടിഎയും അധ്യാപകരും രക്ഷിതാക്കളും പാര്‍ടി സഖാക്കളും ഒറ്റ ലക്ഷ്യത്തോടെ കൈകോര്‍ത്തു. എല്ലാത്തിനും മുന്‍കൈയെടുക്കാന്‍ സ്‌കൂളിലെ സുനില്‍കുമാര്‍ എന്ന അധ്യാപകന്റെ സജീവമായ ഇടപെടല്‍.

അങ്ങനെ വീട് യാഥാര്‍ത്ഥ്യമായി. ആ വീടിന്റെ താക്കോല്‍ദാനമാണ് ഞായറാഴ്ച ഞാന്‍ നിര്‍വഹിച്ചത്. തിങ്ങി നിറഞ്ഞ സദസ്. നാടാകെ ചടങ്ങിലേയ്‌ക്കൊഴുകിയെത്തി.

സായന്തന നാടിന് എത്രത്തോളം പ്രിയങ്കരിയാണെന്ന് സാക്ഷ്യപ്പെടുത്തിയ നിമിഷങ്ങള്‍. നൂറുകണക്കിന് മിഴികള്‍ സന്തോഷാശ്രു പൊഴിക്കവെ, സായന്തനയ്ക്കു ഞാന്‍ താക്കോല്‍ കൈമാറി.

എന്റെ അടുത്ത ചടങ്ങ് ഇഎംസ് ലോകം സെമിനാറായിരുന്നു. സമയവും വൈകിയിരുന്നു. ധൃതിയില്‍ അവിടേയ്ക്ക് പോകാനിറങ്ങിയപ്പോഴാണ് സായന്തനയുടെ മറുപടി പ്രസംഗം.

ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്ന ഊര്‍ജവും പ്രതീക്ഷയും സന്തോഷവും എന്ന സദസു വിട്ടുപോകാന്‍ അനുവദിച്ചില്ല. സദസില്‍ നിന്നു തന്നെ തീരുവോളം പ്രസംഗം കേട്ടു.

അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടിയുള്ള സായന്തനയുടെ ഹൃദയമിടിപ്പാണ് അവളുടെ പ്രസംഗത്തില്‍ സദസ് ശ്രവിച്ചത്.

പാര്‍ടി സഖാക്കളും അനുഭാവികളും മറ്റു സുമനസുകളും നിറഞ്ഞു കവിഞ്ഞ ആ സദസില്‍ സഹാനുഭൂതിയെ മാനുഷികഭാവത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച വാക്കുകള്‍.

ഒറ്റയ്ക്കല്ലെന്നും ഒരു നാടുമുഴുവന്‍ ഒപ്പമുണ്ടെന്നുമുള്ള ആത്മവിശ്വാസം സായന്തനയെപ്പോലുള്ളവരില്‍ നിറയ്ക്കുന്ന ഊര്‍ജവും പ്രതീക്ഷയും എത്രയുണ്ടെന്ന് വാക്കുകളില്‍ പകര്‍ത്താനാവില്ല.

ഐഎഎസാണ് സായന്തനയുടെ സ്വപ്നം. അതും യാഥാര്‍ത്ഥ്യമാകും. സായന്തനയ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News