പ്രളയ പുനരധിവാസം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി എന്ന തരത്തില്‍ കള്ളവാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമത്തിനെതിരെ കണക്കൊത്ത മറുപടി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഒരു വീട് പോലും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ വഴി നടത്തുന്നത്. കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ ജില്ല തിരിച്ചുള്ള കണക്കുകളും നല്‍കികൊണ്ടാണ് മന്ത്രിയുടെ മറുപടി.മന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:’പരസ്യത്തില്‍ കാണിച്ച വീട് പോലും പൂര്‍ത്തിയായില്ല; പിണറായി സര്‍ക്കാരിന്റെ പ്രളയ പുരനധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി’ എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍് ഇന്ന് രാവിലെ മുതല്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടു. ഒരു വീട് പോലും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചില മാധ്യമങ്ങള്‍ ് നടത്തുന്നത്. കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഘട്ടമായി 228 വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തുന്നതിനെ കുറിച്ച് ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു തകര്‍ന്ന വീടിന്റെ ചിത്രം കൊടുത്തിരുന്നു. കേരളത്തെ ഉലച്ച പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു പ്രതീകാത്മക ചിത്രം എന്ന നിലയിലാണ് ആ ചിത്രം ഉപയോഗിച്ചത്.