ശിവരാത്രി മണപ്പുറം നടപ്പാലം കെട്ടലില്‍ കോടികളുടെ കുംഭകോണം

കൊച്ചി: ആലുവ ശിവരാത്രിക്ക് കൊട്ടാരക്കടവ് മുതല്‍ മണപ്പുറംവരെ മുമ്പ് എല്ലാ വര്‍ഷവും നഗരസഭ താല്‍ക്കാലിക നടപ്പാലം കെട്ടിയിരുന്നു. മുളകൊണ്ടുള്ള ആ പാലത്തിന്റെ ശരാശരി ചെലവ് 30 ലക്ഷം. തീര്‍ഥാടകരില്‍നിന്ന് ടോള്‍ പിരിച്ചിരുന്നതിനാല്‍ നഗരസഭയ്ക്കും സാമ്പത്തിക ബാധ്യതയില്ല. ഇങ്ങനെയിരിക്കെയാണ് സ്ഥിരം നടപ്പാലം എന്ന ആശയവുമായി 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ എത്തിയത്.

മഴക്കാലത്ത് വെള്ളത്തില്‍ മൂടുന്ന പാലം കോടികളുടെ കുംഭകോണത്തിലൂടെ പാലാരിവട്ടത്തിന്റെ മറ്റൊരു പതിപ്പായി.200 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയും രണ്ട് തൂണുകളും മാത്രമുള്ള നടപ്പാലത്തിന്റെ ടെന്‍ഡര്‍ തുക ആറ് കോടിയായിരുന്നു. പണി പൂര്‍ത്തിയാപ്പോള്‍ 17 കോടിയായി. കരാറുകാരന് കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയ പദ്ധതിയില്‍ കോഴ പല വഴികളിലൂടെ ഒഴുകി. കരാറെടുത്ത കമ്പനിക്ക് ഇത്തരത്തില്‍ ആര്‍ച്ച് നടപ്പാലം നിര്‍മിച്ച മുന്‍പരിചയമില്ല.

അങ്ങനെയൊരു കമ്പനി റജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലെന്നാണ് സംസ്ഥാന റജിസ്ട്രാര്‍ ഓഫ് ഫേംസില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ടെന്‍ഡര്‍ നല്‍കിയതിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. സാങ്കേതിക അനുമതിയോ വിദഗ്ധ പരിശോധനയോ ഇല്ലാതെയായിരുന്നു എല്ലാം. 20 ദിവസത്തെ സമയം നല്‍കി 2014 ഒക്‌ടോബര്‍ ഒമ്പതിന് ടെന്‍ഡര്‍ വിളിച്ചു.

ടെന്‍ഡര്‍ നല്‍കിയിയത് രണ്ടുപേര്‍ മാത്രം. ടെന്‍ഡര്‍ നല്‍കിയ കമ്പനി സമര്‍പ്പിച്ച ഡിസൈനും കമ്പി, സിമെന്റ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ എസ്റ്റിമേറ്റും എല്ലാം പൊതുമരാമത്ത് വിഭാഗം ചീഫ് എന്‍ജിനിയര്‍ അടങ്ങുന്ന കമ്മിറ്റി പരിശോധിക്കേണ്ടതാണ്. അതൊന്നും ഉണ്ടായിട്ടില്ല.

നടപ്പാലം നിര്‍മാണത്തിലെ ക്രമക്കേടിനെതിരെ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍സാദത്ത് എംഎല്‍എ, മുന്‍ ചീഫ്‌സെക്രട്ടറി ജിജി തോംസണ്‍, മുന്‍ പിഡബ്ല്യുഡി സെക്രട്ടറി എ പി എം മുഹമ്മദ്ഹനീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പൊതുപ്രവര്‍ത്തകനായ ഖാലീദ് മുണ്ടപ്പിള്ളി നല്‍കിയ ഹര്‍ജിയില്‍ ആകെ 10 പ്രതികള്‍.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എത്തിയ പരാതി പീന്നീട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയെങ്കിലും ഫലപ്രദമായ അന്വേഷണം നടന്നില്ല. ഇതിനിടെ, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം വഴിപാടായി. ഇപ്പോള്‍ മുഖ്യമന്ത്രിക്കും പൊതുമരമാത്ത് മന്ത്രിക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് ഹര്‍ജിക്കാരനായ ഖാലിദ് മുണ്ടപ്പിള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel