കിഴക്കേകോട്ടയില്‍ 55 കോടി രൂപ ചിലവില്‍ ഭൂഗര്‍ഭ നടപ്പാത; നിര്‍മാണം ഉടന്‍ ആരംഭിക്കും

കിഴക്കേകോട്ടയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നഗരസഭ ആധുനിക സംവിധാനങ്ങളോടു കൂടിയ ഭൂഗര്‍ഭ നടപ്പാത നിര്‍മിക്കും. സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗാന്ധിപാര്‍ക്കിന് സമീപമാണ് പാത നിര്‍മിക്കുന്നത്. 55 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിന്റെ പ്രാഥമിക സര്‍വേ ആരംഭിച്ചു. ഇതോടൊപ്പം നേരത്തെ വിഭാവനം ചെയ്ത മേല്‍പ്പാലം നിര്‍മാണവും ഉടന്‍ ആരംഭിക്കും.

ഗാന്ധിപാര്‍ക്കിന്റെ കിഴക്കുഭാഗത്തെ ജങ്ഷനിലാണ് അടിപ്പാത നിര്‍മിക്കുക. മേല്‍പ്പാലം പടിഞ്ഞാറ് ഭാഗത്തും.നഗരത്തില്‍ ഏറെ തിരക്കുള്ള ഭാഗമാണ് കിഴക്കേകോട്ട. പത്മനാഭ സ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, ചാല കമ്പോളം എന്നിവിടങ്ങളിലേക്ക് നിരവധിയാളുകളാണ് ദിവസവും എത്തുന്നത്. വിവിധ പരിപാടികള്‍ നടക്കുന്ന പുത്തരിക്കണ്ടം മൈതാനം, ഇ കെ നായനാര്‍ പാര്‍ക്ക്, ഗാന്ധി പാര്‍ക്ക് എന്നിവയും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്.

കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോയില്‍നിന്ന് വിവിധ ഭാഗങ്ങളിലേക്ക് നിരവധി ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഈ തിരക്കില്‍പ്പെട്ട് സ്ത്രീകള്‍ അടക്കം നിരവധി പേരാണ് അപകടങ്ങളില്‍ പെടുന്നത്. ജീവന്‍ പൊലിഞ്ഞവരും ഒട്ടേറെ. റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം കൂടുതലും. ഇതിന് പരിഹാരമായാണ് ഭൂഗര്‍ഭ നടപ്പാത നിര്‍മിക്കുന്നത്. പദ്ധതിയുടെ രൂപരേഖ ഉടന്‍ തയ്യാറാക്കും.

പ്രാഥമിക സര്‍വേ പൂര്‍ത്തിയായശേഷം മഴക്കാലത്ത് എത്ര അളവില്‍ വെള്ളം കയറുമെന്നറിയാന്‍ വാട്ടര്‍ലെവല്‍ പരിശോധനയും വാഹനങ്ങളുടെ എണ്ണം കണ്ടെത്താന്‍ ട്രാഫിക് സര്‍വേയും നടത്തും. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ ഉള്‍പ്പെടെ അനുമതിയും ലഭിക്കണം. ഇതിനായി പിഡബ്ല്യുഡി, കെഎസ്ഇബി, കെഎസ്ആര്‍ടിസി അധികൃതരുടെ യോഗം അടുത്തുദിവസംതന്നെ ചേരുമെന്ന് മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News