ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യക്ക് ഇടയാക്കിയത് ഉദ്യോഗസ്ഥ വീഴ്ചയെന്ന് വിലയിരുത്തല്‍. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും. തദേശ മന്ത്രി എ.സി. മൊയ്തീന്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടി. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സി ടി പി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

ആന്തൂര്‍ നഗരസഭ സെക്രട്ടരി എം.കെ ഗിരീഷ്, എഞ്ചിനിയര്‍ കലേഷ്, ഓവര്‍സിയര്‍ ബി.സുധീര്‍ എന്നിവരെയാണ് തദ്ദേശമന്ത്രി എ.സി മൊയ്തീന്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ആത്മഹത്യ ചെയ്ത പാറയില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പൂര്‍ത്തീകണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എന്‍ജിനിയറിങ് വിഭാഗം നിര്‍ദേശിച്ചെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.കലേഷ് ഫയലില്‍ എഴുതിയിരുന്നതായി കണ്ടെത്തി. ഇതിനു ശേഷവും നഗരസഭാ സെക്രട്ടറി അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ചു. വാഷ് ബെയ്‌സിനുകളുടെ എണ്ണം കുറവാണ് എന്നതുള്‍പ്പെടെ നിസാരമായ 15 കാരണങ്ങളായിരുന്നു സെക്രട്ടറിയുടെ തടസ്സവാദങ്ങളായി നഗരസഭാ സെക്രട്ടറി എം.കെ.ഗിരീഷ് ഫയലില്‍ കുറിച്ചത്.

ഫയലുകളില്‍ നിന്നും വിശദീകരണത്തില്‍ നിന്നും ഇക്കാര്യം മനസ്സിലായതോടെ മന്ത്രി പൊട്ടിത്തെറിച്ചു. നിയമങ്ങള്‍ മാത്രം നോക്കിയാകരുത് മാനുഷിക പരിഗണനയോടെയാകണം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. നിസാര കാര്യങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

ആളുകള്‍ മരിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കു പ്രശ്‌നമല്ലെങ്കിലും സര്‍ക്കാരിന് അങ്ങനെയല്ലെന്നും മന്ത്രി തുറന്നടിച്ചു. തുടര്‍ന്നാണ് സി ടി പി വിജിലന്‍സ്, നഗരകാര്യ റീജിയണല്‍ ഡയറക്ടര്‍ എന്നിവരോട് അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News