കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര് ഗൗരിയമ്മയുടെ ജന്മദിനാഘോഷപരിപാടികള്ക്ക് നാളെ തുടക്കമാകും. നൂറ്റിയൊന്നാം വയസിലേക്ക് കടന്ന ഗൗരിയമ്മയുടെ ജന്മദിനാഘോഷം ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളോടെ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം.
ആഘോഷ പരിപാടികള്‍ നാളെ ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.വിപ്ലവം തുളുമ്പുന്ന ത്യാഗോജ്ജലമായ സമര പോരാട്ടങ്ങള്‍ നിറഞ്ഞ ഈ ജീവിതം ഇവിടെ ഒരു നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മയെന്ന ധീര വനിത 101 ആം വയസിലേക്ക് കടക്കുമ്പോള്‍ അത് ഒരു ഒത്ത് ചേരലും, തിരിഞ്ഞ് നേട്ടവും ആവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎസ്സ് അച്ചുതാനന്ദന് കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ പ്രമുഖരെല്ലാം ഗൗരിയമ്മയ്ക്ക് ആശംസയുമായി നാളെ ആലപ്പുഴയില്‍ ഒത്ത് ചേരും.സഹോദരന് സുകുമാരന്‍ പകര്‍ന്ന വീര്യമാണ് ഗൗരിയമ്മയെ രാഷ്ട്രീയക്കാരിയാക്കിയത്. മര്‍ദ്ദിതരുടെയും ചൂഷിതരുടെയും യാതനകള്‍ക്കെതിരെ പോരാട്ടത്തിനുറച്ച് സമര ഭൂമിയില്‍ ഇറങ്ങിയ ഗൗരിയമ്മ ചെങ്കൊടിക്കൊപ്പം രാഷ്ട്രീയ യാത്ര ആരംഭിച്ചു.
1948ല്‍ തിരുക്കൊച്ചി നിയമസഭയിലേക്കുളള കന്നിമല്‍സരത്തില്‍ പരാജയം. പിന്നീട് തുടര്‍ച്ചയായ വിജയങ്ങള്‍. 2011 വരെ -17 തിരഞ്ഞെടുപ്പുകള്‍. അതില്‍ 13 വിജയം. 64 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി പി എമ്മിനൊപ്പം നിന്നു. 94ല്‍ സി പി എം വിട്ട് ജെ എസ് എസ് രൂപീകരിച്ചു. മന്ത്രി പദത്തില്‍ എത്തിയത് 5 തവണ.
അധികാരത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചകള്‍ ഇല്ലാത്ത കര്ക്കശക്കാരിയായിരുന്ന ഗൗരിയമ്മ, വ്യക്തി ജീവിതത്തില്‍ കാര്‍ക്കശ്യത്തിന്റെ പുറം ചട്ടയിട്ട വാല്‍സല്യം നിറഞ്ഞ മുത്തശിയാണ്. ഒരു നൂറ്റാണ്ട് പിന്നിടുന്ന കേരള രാഷ്ട്രീയത്തിലെ മുത്തശ്ശിക്ക് ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പിറന്നാള്‍ ആഘോഷമാണ് സുഹൃത്തുക്കളും, സഖാക്കളും ഒരുക്കിയിരിക്കുന്നത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here