സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലമന്ദിരത്തിലെ കുട്ടികള്‍ക്ക് ഉപദ്രവം; വാര്‍ഡനെതിരെ കേസ്

കോതമംഗലത്ത് സംഘ പരിവാര്‍ നിയന്ത്രണത്തിലുള്ള ബാലമന്ദിരത്തിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ വാര്‍ഡനെതിരെ കോതമംഗലം പോലീസ് കേസെടുത്തു. കോതമംഗലം സ്വദേശി സുബ്രഹ്മണ്യനെതിരെയാണ് ബാലപീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കാണാതായ നാല് കുട്ടികളെ പോലീസ് കണ്ടെത്തി മൊഴിയെടുത്തിരുന്നു.വാര്‍ഡന്റെ ഉപദ്രവം സഹിക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.

രണ്ട് ദിവസം മുന്‍പാണ് കോതമംഗലം പ്രഗതിബാലഭവനിലെ 12 വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളെ കാണാതായത്.തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ഇവരെ കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയില്‍ കുത്തുകുഴിയില്‍ നിന്ന് പോലീസ് കണ്ടെത്തി.പട്രോളിങ്ങ് സംഘത്തെക്കണ്ട് പരുങ്ങിയ കുട്ടികളോട് പോലീസ് സംസാരിച്ചപ്പോഴാണ് ഇവര്‍ ബാലമന്ദിരത്തില്‍ നിന്ന് ഓടിപ്പോന്നതാണെന്ന് മനസ്സിലായത്.

ഇക്കാര്യം കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ആരുമായും ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനാല്‍ പോലീസ് വീണ്ടും കുട്ടികളെ ബാലമന്ദിരം നടത്തിപ്പുകാര്‍ക്കൊപ്പം വിട്ടയച്ചു.ഈ കുട്ടികളെ കഴിഞ്ഞ ദിവസം വീണ്ടും മന്ദിരത്തില്‍ നിന്ന് കാണാതാവുകയും അവരെ പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്തു.മന്ദിരത്തിനു സമീപമുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കവെയാണ് കുട്ടികളെ കണ്ടെത്തിയത്.

പ്രഗതി ബാലഭവനിലെ വാര്‍ഡന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ഓടിപ്പോവുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. അവശ നിലയിലായ കുട്ടികള്‍ക്ക് പോലീസ് വൈദ്യ സഹായം നല്‍കി. തുടര്‍ന്ന് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വാര്‍ഡന്‍ സുബ്രഹ്മണ്യനെതിരെ പോലീസ് ബാലപീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.

കുട്ടികളെ അടുത്ത ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്താണ് ബാലമന്ദിരത്തില്‍ എത്തിക്കുന്നത്.

ആദിവാസി കുടുംബങ്ങളില്‍ നിന്നുള്‍പ്പടെയുള്ള കുട്ടികള്‍ ഇവിടെയുണ്ട്. അതെ സമയം ബാലമന്ദിരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ എം രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News