
ആലപ്പുഴ/പൂച്ചാക്കല്‍: കള്ളനോട്ട് അടിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിതരണം ചെയ്തിരുന്ന സഹോദരങ്ങള്‍ പോലീസിന്റെ പിടിയില്‍.ആലപ്പുഴ വടുതല സ്വദേശികളും സഹോദരങ്ങളുമായ പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി ബര്‍ണാഡ് (39), ജോണ്‍സണ്‍ ബര്‍ണാഡ്(31) എന്നിവരാണ് തൃശൂര്‍ സിറ്റി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍-ഈസ്റ്റ് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.
ജില്ലയില്‍ വിവിധയിടങ്ങളില്‍ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ള നോട്ടുകള്‍ കണ്ടെത്തിയ സംഭവം അന്വേഷിച്ചപ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്. ഒരു ലക്ഷത്തി ഇരുപത്തൊന്നായിരം രൂപയുടെ കള്ളനോട്ടും വിദേശ നിര്‍മിത പ്രിന്ററും അനുബന്ധ ഉപകരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.ശക്തന്‍ സ്റ്റാന്‍ഡില്‍വച്ച് 18000 രൂപയുടെ കള്ളനോട്ട് ഉള്‍പ്പെടെ ബെന്നി ബര്‍ണാഡാണ് ആദ്യം പിടിയിലായത്.
ചോദ്യം ചെയ്യലില്‍ സ്വന്തം സഹോദരനാണ് കള്ളനോട്ട് അടിക്കുന്നതെന്നും താന്‍ വിതരണക്കാരനാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഇവരുടെ ആലപ്പുഴ വടുതലയിലെ വീട് റൈഡ് ചെയ്തപ്പോഴാണ് നോട്ടടിക്കാനുപയോഗിച്ച പ്രിന്റര്‍ ഉള്‍പ്പെടെയുള്ളവ പിടികൂടിയത്. പ്രിന്റിംഗ് കഴിഞ്ഞ് വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്ന 45 രണ്ടായിരം രൂപ നോട്ടുകളും 26 അഞ്ഞൂറു രൂപ നോട്ടുകളും ഒരു അമ്പതു രൂപ നോട്ടും കണ്ടെടുത്തു.
പൂച്ചാക്കല്‍ മാര്‍ക്കറ്റ്, അരൂക്കുറ്റി,ചേര്‍ത്തല എക്‌സറെ എന്നീ സ്ഥലങ്ങളിലും നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട് എന്ന് പ്രതികള്‍ പറഞ്ഞു. കൊലപാതക കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ബെന്നി ബര്‍ണാഡ്. 2005ല്‍ പാലക്കാട് ആലത്തൂരില്‍ തിലകന്‍ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കാലപ്പെടുത്തിയ കേസാണ് ഇയാള്‍ക്കെതിരേയുള്ളത്.
ലോട്ടറി കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്താണ് ബെന്നിയും സംഘവും കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശിക്ഷ അനുഭവിച്ച് ജയിലില്‍ നിന്നിറങ്ങിയ ശേഷം കുറച്ചു നാള്‍ കെട്ടിടം പണികള്‍ക്ക് പോയിരുന്നെങ്കിലും പിന്നീട് അനിയനുമായി ചേര്‍ന്ന് കള്ളനോട്ട് ബിസിനസ് ആരംഭിക്കുകയായിരുന്നു.
ജോണ്‍സണ്‍ ഓട്ടോ ഡ്രൈവറാണ്. സ്‌കൂള്‍ ട്രിപ്പുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഇയാള്‍ക്ക് നാട്ടില്‍ നല്ല പ്രതിച്ഛായ ആണുള്ളതെന്ന് പോലീസ് പറഞ്ഞു.നാട്ടിന്‍പുറത്തെ ചെറിയ കടകളിലാണ് നോട്ടുകള്‍ കൂടുതലും ചെലവാക്കിയിരുന്നത്. കബളിപ്പിക്കപ്പെടുന്നവരില്‍ ഏറെയും തുടര്‍ന്നുള്ള പൊല്ലാപ്പുകള്‍ ഓര്‍ത്ത് പറ്റിക്കപ്പെട്ട വിവരം പുറത്തു പറയാറില്ലായിരുന്നു.
ഇത് സംഘത്തിന് നോട്ട് മാറ്റിയെടുക്കാന്‍ സഹായമായതായും,കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു. എറണാകുളം, ആലപ്പുഴ,കൊല്ലം,കോട്ടയം,തൃശൂര്‍, പാലക്കാട്,മലപ്പുറം ജില്ലകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ വിതരണം ചെയ്തിട്ടുള്ളത്.ഇവരില്‍ നിന്ന് കള്ളനോട്ടുകള്‍ വാങ്ങിയവരെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here