ചൂളം വിളിച്ചെത്തുന്ന ഓര്‍മ്മകള്‍ക്ക് കാതോര്‍ത്ത് തെക്കിന്റെ കശ്മീര്‍

 

ചൂളം വിളിയ്ക്ക് കാതോര്‍ത്ത് വീണ്ടും തെക്കിന്റെ കശ്മീര്‍. നേരത്തെ മൂന്നാറിലുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് പുനരാരംരംഭിക്കുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു. സര്‍വീസ് ആരംഭിക്കാനായാല്‍ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ കരുത്താകും.

തെക്കിന്റെ കശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന മൂന്നാറില്‍ മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്താണ് ട്രയിന്‍ സര്‍വീസ് ഉണ്ടായിരുന്നത്. ചരക്ക് ഗതാഗതം സുഗമമാക്കാന്‍ മോണോ റെയില്‍ സംവിധാനവും പിന്നീട് ആവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രയിനുകളും ഉണ്ടായിരുന്നു.

എന്നാല്‍ 1924ലെ മഹാപ്രളയത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞു. വീണ്ടും ട്രെയിന്‍ സംവിധാനം കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രെയിന്‍ ഓടിയിരുന്ന പാതകള്‍ കണ്ടുപിടക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു.

മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള, പാലാര്‍ എന്നിവിടങ്ങളിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. മാട്ടുപ്പെട്ടി ഡാമിന്റെ സമീപത്ത് നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ഹിമാലയം റെയില്‍വെ മാതൃകയില്‍ ഹ്രസ്വദൂര യാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.

പ്രാഥമിക പഠന റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ വിശദമായ പഠനം നടത്തി നടപടി സ്വീകരിക്കും.

മൂന്നാറില്‍ വീണ്ടും ട്രെയിന്‍ എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ടൂറിസത്തിനൊപ്പം വാണിജ്യ,വ്യവസായ മേഖലകള്‍ക്കും മുതല്‍ക്കൂട്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News