“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ഏകാധിപത്യത്തിലേക്കു നയിക്കാനുള്ള കുറിപ്പടിയാണ്; “ഒരു രാജ്യം, ഒരു സംസ‌്കാരം, ഒരു ഭാഷ’ എന്ന ഹിന്ദുത്വമുദ്രാവാക്യത്തിന് ഇണങ്ങിയതുമാണ്. പ്രകാശ് കാരാട്ടിന്റെ വി‍ശകലനം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തെത്തുടർന്ന് നരേന്ദ്ര മോഡിയും ബിജെപിയും തങ്ങളുടെ ഇഷ്ട പദ്ധതിയായ ഒരു രാജ്യം, ഒരു  തെരഞ്ഞെടുപ്പ്‌ നടപ്പാക്കി നമ്മുടെ രാഷ്ട്രീയക്രമംതന്നെ മാറ്റിമറിക്കാനുള്ള തിരക്കിലാണ്. മോഡി സർക്കാരിന്റെ കഴിഞ്ഞ ടേമിൽത്തന്നെ, ലോക‌്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻവേണ്ടി ബിജെപി വാദിച്ചുപോരുകയായിരുന്നു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ഒരു പ്രവർത്തനരേഖ തയ്യാറാക്കാൻ നിതി ആയോഗിനെ നിയോഗിച്ചിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുകളും പാർലമെന്റ് തെരഞ്ഞെടുപ്പും ഒന്നിച്ചാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ലോ കമീഷനെയും ചുമതലപ്പെടുത്തിയിരുന്നു.

ജനാധിപത്യവിരുദ്ധം 

ഇപ്പോൾ, പ്രധാനമന്ത്രി വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ ആദ്യയോഗത്തിൽ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  അജൻഡയായിരുന്നു. സിപിഐ എം ഒന്നിച്ച‌് തെരഞ്ഞെടുപ്പ് നടത്താനുള്ള  നിർദേശത്തെ എതിർത്തു. എന്തുകൊണ്ടാണ് അതിനെ എതിർക്കുന്നത് എന്ന കാര്യം ഒരിക്കൽകൂടെ ആവർത്തിച്ചുപറയേണ്ടതുണ്ട്. എതിർപ്പ് സാങ്കേതിക കാരണങ്ങൾ കൊണ്ടല്ല, അസാധ്യമായതുകൊണ്ടുമല്ല. ആ സങ്കൽപ്പനംതന്നെ അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമാണ്, അത് പാർലമെന്ററി ജനാധിപത്യത്തിന്റെ വേരറുക്കുന്നതാണ് എന്നതുകൊണ്ടാണ്.

ലോക‌്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തണമെങ്കിൽ അത് സർക്കാരിന് നിയമനിർമാണ സഭകളോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഭരണഘടനാ നിർദേശത്തെ ഹനിച്ചുകൊണ്ടേ കഴിയൂ. ഭരണഘടനയനുസരിച്ച്, ഒരു സർക്കാർ അവിശ്വാസപ്രമേയം വഴി പുറത്താകുകയോ മണി ബിൽ പാസാക്കാനാകാതെ വരികയോ ചെയ‌്താൽ,  ഉടനെ രാജിവയ‌്ക്കണം. അവിടെ ഒരു ബദൽ സർക്കാർ ഉണ്ടാക്കാനാകില്ലെങ്കിൽ, സഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം. ലോക‌്സഭയ‌്ക്കോ സംസ്ഥാന നിയമസഭകൾക്കോ ഭരണഘടന കൃത്യമായ ഒരു കാലാവധി നിർദേശിക്കുന്നില്ല.


ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് പ്രാവർത്തികമാക്കാൻ, പലതരം ഭരണഘടനാ ഭേദഗതികളാണ് നിർദേശിക്കപ്പെട്ടത്. നിതി ആയോഗ് തയ്യാറാക്കിയ ചർച്ചാരേഖ മുന്നോട്ടുവയ‌്ക്കുന്ന ഒരു നിർദേശം ഇങ്ങനെയാണ്: ലോക്‌സഭ പിരിച്ചുവിടൽ ഒഴിവാക്കാനാകില്ലെങ്കിൽ, അതിന്റെ ശിഷ്ടകാലാവധി ഏറെയില്ലെങ്കിൽ, ഭരണം പ്രസിഡന്റിനെ ഏൽപ്പിക്കാവുന്നതും അദ്ദേഹം നിയമിക്കുന്ന ഒരു മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശങ്ങളോടെയും അടുത്ത സഭ രൂപവൽക്കരിക്കുന്നതുവരെ ഭരിക്കാവുന്നതുമാണ്. സർവ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ഈ നിർദേശം പ്രസിഡന്റിനെ എക‌്സിക്യൂട്ടീവിന്റെ തലവനാക്കി മാറ്റും. പിൻവാതിലിലൂടെ ഒരു എക‌്സിക്യൂട്ടീവ് പ്രസിഡന്റിനെ സ്ഥാപിച്ചെടുക്കാനാണ് നീക്കം.

ഇതിന്റെ മറ്റൊരു സ്വാഭാവിക ഫലം എന്തെന്ന‌് പരിശോധിക്കാം. സഭ പിരിച്ചുവിടുമ്പോൾ, ശിഷ്ടകാലം ഏറെയുണ്ടെങ്കിൽ, വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ആ സഭയുടെ കാലാവധി ശിഷ്ടകാലത്തേക്ക് മാത്രമായിരിക്കും. ഉദാഹരണത്തിന്, സഭ പിരിച്ചുവിടുന്നത് രണ്ടുവർഷം കഴിഞ്ഞിട്ടാണെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പ് മൂന്നുവർഷത്തേക്ക് മാത്രമായിരിക്കും. യഥാർഥത്തിൽ ഇത് അടിക്കടിയുള്ള ലോക‌്സഭാ തെരഞ്ഞെടുപ്പുകളിലേക്കാണ് നയിക്കുക. അതിനുതന്നെയാണ് ഇങ്ങനെയൊരു നിർദേശവും.

അതേപോലെ, നിയമസഭകളുടെ കാര്യത്തിൽ സഭ പിരിച്ചുവിടുന്നത് കാലാവധി അടുക്കാറാകുമ്പോഴാണെങ്കിൽ ശിഷ്ടകാലം ഗവർണർ ഭരിക്കും. ഇതും കേന്ദ്ര ഭരണംതന്നെ. ഇന്നത്തെ സാഹചര്യത്തിൽ ലോക‌്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെങ്കിൽ, ചില അസംബ്ലികളുടെ കാലാവധി നീട്ടേണ്ടിവരും; ചിലതിന്റെ കാലാവധി ചുരുക്കേണ്ടതായും വരും. നീട്ടലാണെങ്കിലും ചുരുക്കലാണെങ്കിലും രണ്ടും ജനാധിപത്യവിരുദ്ധമാണ്. തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ  അവകാശങ്ങളുടെ ലംഘനമാണ്.

സഭയുടെ കാലാവധി നിശ്ചയിക്കുന്നതിനായി നിർദേശിക്കപ്പെട്ട വിവിധങ്ങളായ രീതികൾ സഭയുടെ ഉത്തരവാദിത്തത്തെ മറികടക്കാൻ വേണ്ടി തയ്യാറാക്കപ്പെട്ടതാണ്. ഒരു നിർദേശം ഇങ്ങനെയാണ്: അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുമ്പോൾ, അതിനൊപ്പം പുതിയൊരു സഭാ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നിർദേശംകൂടി വേണം. ഇതിന്റെ അർഥമെന്താണ്? ഒരു സർക്കാരിനെ പുറത്താക്കാനുള്ള നിയമസഭാ സാമാജികരുടെ അവകാശം ചുരുക്കിക്കളയുകയും പുതിയ സർക്കാരിനെ തെരഞ്ഞെടുക്കണമെന്ന ഉപാധി അടിച്ചേൽപ്പിക്കുകയുമാണ്.

ബിജെപിക്ക് വേണ്ടത് ഒരു കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനമാണ്
ഒരു സർക്കാരിനെ വോട്ടിങ്ങിലൂടെ പുറത്താക്കാൻ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്കും ലോക‌്സഭാംഗങ്ങൾക്കുമുള്ള അവകാശം പരിമിതപ്പെടുത്തിക്കൂടാ. അതേപോലെതന്നെ, സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ഒരു ഭരണകക്ഷിക്ക് സഭ പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്യാനുള്ള അവകാശവും ലംഘിക്കാൻ അനുവദിച്ചുകൂടാ. ഇത്തരം ജനാധിപത്യവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ സങ്കൽപ്പനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പിറകിൽ ഒട്ടനവധി കാരണങ്ങളുണ്ട്

ബിജെപിക്ക് വേണ്ടത് ഒരു കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽത്തന്നെ നാം കണ്ടതാണ്, മോഡിയെ ഒരു പ്രസിഡൻഷ്യൽ രീതിയിൽ ഉയർത്തിക്കാട്ടിയത്. ബിജെപി ആഗ്രഹിക്കുന്നത്, ഒന്നിച്ച് തെരഞ്ഞെടുപ്പുകൾ നടത്തുക വഴി നരേന്ദ്ര മോഡിയെപ്പോലൊരു നേതാവിനെ പൊക്കിക്കാട്ടിയുള്ള പ്രസിഡൻഷ്യൽ രീതിയിലുള്ള ഒരു മത്സരമാക്കി മാറ്റിക്കൊണ്ട് സംസ്ഥാനതല രാഷ്ട്രീയത്തെയും പ്രാദേശിക പാർടികളെയും മറികടക്കാനാകും എന്നാണ്. കേന്ദ്രത്തിലെ ശക്തനായ നേതാവിനായിരിക്കും വോട്ട്. അതുവഴി മറ്റെല്ലാ സംസ്ഥാനതല മത്സരങ്ങളെയും മറികടക്കാനുമാകും.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലോക‌്സഭാ തെരഞ്ഞെടുപ്പിന് കണക്കാക്കി ഒപ്പിക്കുന്നത് ഫെഡറൽ തത്വങ്ങളെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും മറികടക്കലാകും. ഇന്ത്യ രാഷ്ട്രീയ വൈവിധ്യങ്ങൾ ഏറെയുള്ള ഒരു വലിയ രാജ്യമാണ്. അവിടെ ഫെഡറൽ സംവിധാനത്തിൽ മാത്രമേ ജനാധിപത്യം സുസ്ഥിരമായി നിലനിൽക്കൂ. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതും സംസ്ഥാന നിയമസഭകളുടെ കാലാവധി ഒരേപോലെയാക്കാൻ വലിച്ചൊപ്പിക്കുന്നതും കേന്ദ്ര സർക്കാരിനും അതിന്റെ ഏജന്റുമാരായ ഗവർണർമാർക്കും കൂടുതൽ അധികാരങ്ങൾ നൽകലാകും.

നരേന്ദ്ര മോഡിയുടെ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള കുറിപ്പടിയാണ്. അത് “ഒരു രാജ്യം, ഒരു സംസ‌്കാരം, ഒരു ഭാഷ’ എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് ഇണങ്ങിയ ഒന്നാണുതാനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News