
തിരുവനന്തപുരം: ബിനോയി കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്നും ഒരു സംരക്ഷണവും നല്‍കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. ബിനോയി പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അയാള്‍ക്കെതിരായ കേസ് അയാള്‍ തന്നെ നേരിടും.
കേസില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട്. ബിനോയ് നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അയാള്‍ക്കാണ്. കേസിനെ ബിനോയി ഒറ്റക്ക് നേരിടുമെന്നും കോടിയേരി പറഞ്ഞു.
ബിനോയി എവിടെയാണെന്ന് അറിയില്ല. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മനസിലായി. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് അതിന്റെ ഭാഗമായാണ്.
മക്കള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാത്തിലും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ ബിനോയിക്കെതിരെ ആരോപണം വന്നപ്പോള്‍ താന്‍ പറഞ്ഞിരുന്നു. ബിനോയി വേറൊരു കുടുംബമായി താമസിക്കുന്നയാളാണ്.
എന്നും അവര്‍ക്ക് പിറകെ നടക്കാന്‍ തനിക്കാവില്ല. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വരുന്ന പ്രശ്നങ്ങള്‍ അവര്‍ തന്നെ നേരിടേണ്ടി വരും.
പാര്‍ട്ടിയോ മറ്റാരെങ്കിലുമോ സംരക്ഷിക്കും എന്ന ധാരണയില്‍ ആരും തെറ്റുകള്‍ ചെയ്യാന്‍ തുനിയേണ്ടെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here