മോദിയുടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ‌്’ പ്രായോഗികമല്ലെന്ന് ജസ‌്റ്റിസ‌് വി കെ മോഹനൻ

 

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം ബഹുസ്വരതയുള്ള രാജ്യത്ത് പ്രായോഗികമല്ലെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റിയുടെ 13ാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അമേരിക്കന്‍ മോഡല്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണിത്. ജന്മിത്വ കാലഘട്ടത്തിലെ ചിന്താധാരകള്‍ ഇപ്പോഴും സജീവമാണെന്നാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നത്.

ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന ആശങ്ക രാജ്യത്തുയര്‍ന്നിട്ടുണ്ട്. അതിന്റെ സൂചനയാണ് ഈ പ്രഖ്യാപനം. ഭരണഘടനയെ സംരക്ഷിക്കാനാകണം. രാജ്യത്തെ വ്യത്യസ്തമായ രാഷ്ട്രീയസാഹചര്യത്തെ തിരിച്ചറിഞ്ഞാകണം പ്രവര്‍ത്തിക്കേണ്ടത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനുപിന്നില്‍ ഏതാനും വ്യക്തികള്‍മാത്രമല്ല. ലക്ഷക്കണക്കിന് ആളുകളുടെ പോരാട്ടവുമുണ്ട്. ഇന്ത്യയില്‍ ജന്മിത്വത്തോട് സന്ധിചെയ്താണ് കുത്തകകള്‍ വളര്‍ന്നത്. ദേശീയ സ്വാതന്ത്ര്യസമരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറന്ന് കുത്തകവല്‍ക്കരണം ശക്തിപ്പെടുത്താനാണ് ശ്രമമെന്നും ജസ്റ്റിസ് മോഹനന്‍ പറഞ്ഞു.

എം കെ ദാമോദരന്‍ നഗറില്‍ (ബാര്‍ കൗണ്‍സില്‍ ഹാള്‍) ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. സെക്രട്ടറി എന്‍ മനോജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി രാജേന്ദ്രന്‍, ഇ കെ നാരായണന്‍, എന്‍ സി മോഹനന്‍, സി ശ്രീധരന്‍നായര്‍, അശോക് എം ചെറിയാന്‍, ലതാ തങ്കപ്പന്‍, കെ കെ നാസര്‍, എം ശശീന്ദ്രന്‍, സി ഇ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ ഗോപാലകൃഷ്ണക്കുറുപ്പ് (പ്രസിഡന്റ്), സി എം സുരേഷ് ബാബു, എം ശശീന്ദ്രന്‍, സി എം നാസര്‍, മേരി ബീന ജോസഫ് (വൈസ് പ്രസിഡന്റുമാര്‍), സി ഇ ഉണ്ണിക്കൃഷ്ണന്‍ (സെക്രട്ടറി), കെ എസ് അരുണ്‍കുമാര്‍, മുഹമ്മദ് ഹാഷിം, പി സന്തോഷ്‌കുമാര്‍, കെ ബി രാമാനന്ദ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ ആര്‍ ദീപ (ട്രഷറര്‍).

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News