
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആവിഷ്‌കരിച്ച പദ്ധതിയായ ലാമ്പിന്റെ ജില്ലാതല ഉദ്ഘാടനം പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കേരള ഹൈകോടതി ജസ്റ്റിസ് എസ് വി ഭാട്ടിയ നിര്‍വഹിച്ചു. ലാമ്പിന്റെ പ്രവര്‍ത്തനം കുട്ടികളെ നീതിബോധമുള്ളവര്‍ ആക്കുകയും അവരുടെ സ്വരം ഇന്ത്യയുടെ ഭരണസിരാകേന്ദ്രം വരെ എത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗലി ആന്‍ഡ് മെന്റലി എംപവറിങ് എന്നാണ് ലാമ്പിന്റെ പൂര്‍ണ്ണ രൂപം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കാനും മുന്‍കരുതലുകള്‍ എടുക്കുവാനും ലാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് ജസ്റ്റിസ് എസ് വി ഭാട്ടിയ ഭാട്ടിയ പറഞ്ഞു. ഈ പദ്ധതിയുടെ വെളിച്ചം എല്ലായിടത്തും പ്രകാശിതമാകണം.
ഇന്റര്‍നെറ്റില്‍ നിന്ന് വൈറസ് കയറിയാല്‍ അത് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇതിനെതിരെ ആന്റിവൈറസ് ആണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിവൈറസ് പദ്ധതിയാണ് ലാമ്പ് എന്നും ജസ്റ്റിസ് ഭാട്ടിയ പറഞ്ഞു. അരുണാചല്‍പ്രദേശിലെ മിഗ് 32 വിമാനാപകടത്തില്‍ മരിച്ച അനൂപ് സാജനെ അനുസ്മരിച്ചാണ് യോഗം ആരംഭിച്ചത്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജി യു മായ എസ്.എച്ച് പഞ്ചാപകേശന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജ് മായ സുനിത ചിറക്കല്‍, കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ധീരജ് രവി, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here