തണുത്ത മുറിയില്‍ കുറ്റാകൂരിരുട്ടില്‍ ഒറ്റയ്ക്ക്, സഹായത്തിന് ആരെയും വിളിക്കാന്‍ പോലും കഴിയാതെ മണിക്കൂറുകള്‍ തള്ളിനീക്കേണ്ടിവരുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടാല്‍പ്പോലും മിക്കവര്‍ക്കും പാതിജീവന്‍ നഷ്ടപ്പെടും. എയര്‍ കാനഡ വിമാനത്തിനുള്ളില്‍ ഈ അനുഭവത്തിലൂടെ കടന്നുപോയത് ഒരു യുവതിയാണ്. ഒടുവില്‍ അതിസാഹസികമായി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന മാത്രം. പക്ഷെ വിമാനത്തിലെ സംഭവത്തിനുശേഷം രാത്രികാലങ്ങളില്‍ ഭീകരസ്വപ്നങ്ങള്‍ കാരണം ഇപ്പോഴും ഉറക്കം നഷ്ടപ്പെടുന്നുവെന്ന് മാത്രം.

കാനഡയിലെ ടൊറാന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. എയര്‍ കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍നിന്ന് ടൊറോന്റോയിലേക്ക് യാത്രചെയ്ത ടിഫാനി ആദംസ് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്.

ക്യൂബെക്കില്‍നിന്ന് യാത്രതിരിച്ചയുടന്‍ ടിഫാനി വിമാനത്തില്‍വച്ച് ഉറങ്ങിപ്പോയിരുന്നു. വിമാനത്തിലാകട്ടെ അധികം യാത്രക്കാരുണ്ടായിരുന്നില്ല. വിമാനം ടൊറാന്റോയിലെത്തിയിട്ടും യുവതിയെ വിളിച്ചുണര്‍ത്താന്‍ ജീവനക്കാര്‍ മറന്നുപോയി. വിമാനത്തിലെ മറ്റു യാത്രക്കാരും ടിഫാനിയെ ശ്രദ്ധിച്ചില്ല.

അന്നത്തെ അവസാന സര്‍വീസ് ആയതിനാല്‍ ക്യാബിന്‍ ക്രൂ ലൈറ്റണച്ച് ഡോര്‍ പൂട്ടി പോവുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം വിമാനത്തിലെ കൂരിരുട്ടിലേക്കാണ് ടിഫാനി ഉറക്കമുണര്‍ന്നത്. ചുറ്റും ഇരുട്ടായതിനാല്‍ സ്വപ്നമാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് വിമനത്തില്‍ താന്‍ ഏകയാണെന്നും എല്ലാവരും പോയിക്കഴിഞ്ഞെന്നുമുള്ള സത്യം ടിഫാനി ഉള്‍ക്കൊള്ളുന്നത്.

പരിഭ്രാന്തയായ ടിഫാനി ഉടന്‍തന്നെ മൊബൈലില്‍ സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ചാര്‍ജ് ഇല്ലാത്തതിനാല്‍ ഫോണ്‍ സ്വിച്ച് ഓഫായി. വിമാനത്തില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും കഴിഞ്ഞില്ല. ഇതോടെ അര്‍ധപ്രാണയായെങ്കിലും കൂരിരുട്ടില്‍ തപ്പിതടഞ്ഞ് ടിഫാനി കോക്പിറ്റിലെത്തി. ഭാഗ്യമെന്ന് പറയെട്ടെ, അവിടെ നിന്ന് ലഭിച്ചത് ഒരു ഫ്‌ലാഷ് ലൈറ്റ്. പിന്നീട് ഫ്‌ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വാതിലിനടുത്തെത്തി. ഏറെ നേരത്തെ ശ്രമത്തിന് ശേഷം ബലമായി വാതില്‍ തുറക്കാന്‍ കഴിഞ്ഞു.

ചാടി രക്ഷപ്പെടാനായിരുന്നു തീരുമാനമെങ്കിലും നാല്‍പ്പതടിയോളം താഴേക്ക് ചാടാന്‍ ടിഫാനി ഭയപ്പെട്ടു. ഇതോടെ ഫ്‌ലാഷ് ലൈറ്റ് തെളിയിച്ച് വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാനായി യുവതിയുടെ ശ്രമം.

ഒടുവില്‍ ഒരു ലഗേജ് വാഹനത്തിന്റെ ഡ്രൈവറാണ് ടിഫാനിയെ സുരക്ഷിതമായി വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചത്. ലോഞ്ചിലെത്തിയ യുവതിയെ വാഹനത്തില്‍ വീട്ടിലെത്തിച്ച എയര്‍ കാനഡ അധികൃതര്‍ രണ്ട് വട്ടം യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ഈ മാസമാദ്യം നടന്ന സംഭവത്തെക്കുറിച്ച് ടിഫാനിയുടെ സുഹൃത്ത് എയര്‍ കാനഡയുടെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.