‘കൊ’ല്ലടയല്ല നമ്മുടെ കെ.എസ്.ആര്‍.ടി.സി; ആനവണ്ടിയുടെ കരുതല്‍ വിവരിച്ച യാത്രക്കാരന്റെ പോസറ്റ് വൈറല്‍

സ്വകാര്യ ബസുലോബികളുടെ ദുരിത വാര്‍ത്തകള്‍ക്കിടയിലാണ് കെ.എസ്.ആര്‍.സിയുടെ കരുതലിന്റെ യാത്രാ അനുഭവം ശ്രദ്ദേയമാകുന്നത്.

രാത്രി യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന യാത്രക്കാരിയോട് മര്യാദയോടെ പെരുമാറിയ ഡ്രൈവറെയും കണ്ടക്ടറെയും കുറിച്ചുള്ള കുറിപ്പ് അരുണ്‍ പുനലൂര്‍ എന്ന യാത്രക്കാരനാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പലരും ചെയ്യുന്ന പോലെ ആളെയിറക്കി വണ്ടി വിട്ടു പോകാമെന്നിരിക്കെ വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തൊരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോള്‍ കാഴ്ചയില്‍ പരുക്കന്മാരായ അവരുടെയുള്ളില്‍ ഒരച്ഛന്റെ സ്നേഹവും കരുതലും ഒക്കെ ഉണര്‍ന്നു വന്നിരിക്കാം’.- കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാത്രി ഏറെ വൈകി എറണാകുളം ബസ് സ്റ്റാന്‍ഡിലേക്ക് ഊബറില്‍ പോകുമ്പോ ഡ്രൈവര്‍ ചോദിച്ചു..

ഏത് വണ്ടിക്കാണ് പോകുന്നത്.. ബുക്ക് ചെയ്തിട്ടുണ്ടോ..?
അങ്ങിനെ ഇന്ന വണ്ടി എന്നൊന്നുമില്ല സഹാ കിട്ടുന്ന വണ്ടിക്ക് കേറും അതാണ് പതിവ്..

എന്നത്തേയും പോലെ ഈ രാത്രിയിലും അങ്ങിയാണ് പോകാന്‍ തീരുമാനിച്ചതെങ്കിലും സ്റ്റാന്‍ഡില്‍ എത്തിയപ്പോ വരുന്ന വണ്ടിയിലെല്ലാം നല്ല തിരക്ക്..

ഓ ഇന്നു ഞായറാഴ്ച ആണെന്നോര്‍ത്തില്ല..
തിരക്ക് കൂടുതലാണ്.. നാല് വണ്ടി വന്നു പോയി ഒന്നിലും രക്ഷയില്ല..
അങ്ങിനെ ആകെ തേഞ്ഞു നിക്കുമ്പോഴാണ് ഒരു സൂപ്പര്‍ ഡീലക്സ് വന്നത്..

അതെപ്പോഴും ഫുള്‍ ബുക്കിങ്ങായിരിക്കും എന്നാലുമൊന്നു നോക്കാമെന്നു കരുതി വാതിലിനു അടുത്തെത്തി ആളിറങ്ങിക്കഴിഞപ്പോ പ്രതീക്ഷയോടെ കണ്ടക്ടറെ ഒന്ന് നോക്കി..

ന്തോ ഭാഗ്യം പുള്ളി കേറിക്കോളാന്‍ പറഞ്ഞു ചില്ലറ സീറ്റുകള്‍ ഒഴിഞ്ഞിരിക്കുന്നു..
സീറ്റില്‍ ചാഞ്ഞിരുന്നു മെല്ലെ ഒന്ന് മയങ്ങി.. ഉണര്‍ന്നു പിന്നെയും മയങ്ങി അങ്ങിനെ പൊക്കോണ്ടിരിക്കുന്പോ ആരുടെയോ ബാഗ് തട്ടി ഉണര്‍ന്നു…

ഒരു പെണ്‍കുട്ടി ഇറങ്ങാനായി മുന്നോട്ടു പോകയാണ്.. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന് മുന്നേ ഉള്ള അല്‍പ്പം വിജനമായൊരിടത്താണ് അവര്‍ക്കിറങ്ങേണ്ടത്..

വണ്ടി നിര്‍ത്തി കുട്ടി ഇറങ്ങിക്കഴിഞ്ഞപ്പോ ഡ്രൈവര്‍ ചോദിച്ചു കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ..
ഇല്ല ഇപ്പൊ വരുമെന്നു മറുപടി കിട്ടിയപ്പോ.. ശ്ശോ ഇവിടെത്തും മുന്നേ വിളിക്കണ്ടായിരുന്നോ എന്നു കണ്ടക്ടര്‍ ശാസിച്ചു.. കുട്ടി ഫോണില്‍ വിളിക്കുന്നു.. അധികം താമസിച്ചില്ല ആളെത്തി കൂട്ടിക്കൊണ്ടു പോയി അതിനു ശേഷമാണു വണ്ടി എടുത്തത്..

ഞാനപ്പോ മുന്‍പ് വായിച്ചിട്ടുള്ള ഇത്തരം ചില സംഭവങ്ങള്‍ ഓര്‍ക്കുകയായിരുന്നു..

അല്‍പ്പം പ്രായമുള്ള, കണ്ടാല്‍ ഗൗരവപ്രകൃതിക്കാരായ ആ കണ്ടക്ടറും ഡ്രൈവറും ആ നിമിഷങ്ങളില്‍ കാണിച്ച ഉത്തരവാദിത്വവും മനുഷ്യത്വവും അവരുടെ മനസിന്റെ നന്മ കാണിച്ചു തന്നു..

പലരും ചെയ്യുന്ന പോലെ ആളിറക്കി വണ്ടി വിട്ടു പോകാമെന്നിരിക്കെ വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ അവരുടെയുള്ളില്‍ ഒരച്ഛന്റെ സ്നേഹവും കരുതലും ഒക്കെ ഉണര്‍ന്നു വന്നിരിക്കാം എന്നെനിക്കു തോന്നി…

എന്റെ ഇത്രയും വര്‍ഷത്തെ രാത്രിയും പകലുമുള്ള സൃെരേ യാത്രകളില്‍ ഇതുപോലുള്ള അപൂര്‍വ്വം നല്ല സ്റ്റാഫുകളെ കണ്ടിട്ടുണ്ട്…

ചിലരൊക്കെ വല്ലാത്ത വിരക്തിയോടെ ജോലി ചെയ്തു യാത്രക്കാരോട് മോശമായി പെരുമാറിയും കയര്‍ത്തു സംസാരിച്ചും വെറുപ്പിക്കുന്നത് കണ്ടിട്ടുണ്ട്..

ജോലിയോട് സ്നേഹവും ആത്മാര്‍ത്ഥതയും യാത്രക്കാരോട് സൗമ്യമായ പെരുമാറ്റവുമായി ചിരിച്ച മുഖത്തോടെ ടിക്കറ്റും കൃത്യമായി ബാക്കിയുമൊക്കെ കൊടുത്തു പ്രായമുള്ളവര്‍ക്കു വേണ്ടി സ്വന്തം സീറ്റൊഴിഞ്ഞു കൊടുത്തു സ്ത്രീകളുടെയും വികലാംഗരുടെയുമൊക്കെ സീറ്റ് അവര്‍ക്കായി ഉറപ്പു വരുത്തിയൊക്കേ ജോലി ചെയ്യുന്നവരുമുണ്ട്…

സ്റ്റാഫുകളോട് വളരെ മോശമായി അലമ്പുണ്ടാക്കി മൊട കാണിക്കുന്ന യാത്രക്കാരെയും കാണാറുണ്ട്..ഇതൊക്കെയീ ജോലിയില്‍ പതിവാണ്..

എങ്കിലും പഴയ പലരും ഉണ്ടാക്കി വച്ച സൃെരേ സ്റ്റാഫുകളുടെ പരുക്കന്‍ രീതികള്‍ മാറ്റിക്കൊണ്ടുവരാന്‍ ഇന്നു നല്ലൊരു ശതമാനം ശ്രമിക്കുന്നുണ്ട്..

അതിനവര്‍ക്ക് പൊതു സമൂഹത്തില്‍ നിന്നു അഭിനന്ദനങ്ങളും കിട്ടുന്നുണ്ട്…

ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകളിലെ ജോലിക്കാരുടെ ഭാഗത്തു നിന്നു യാത്രക്കാര്‍ക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ കൂടി വരികയും അതൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴി വക്കുകയും ചെയ്യുന്ന ഈ കാലത്ത് പൊതു ഗതാഗത സംവിധാനത്തിലെ ജോലിക്കാര്‍ സ്വയം നവീകരിച്ചു മികച്ച പെരുമാറ്റത്തോടെ ജോലി ചെയ്യാനും,നല്ല സര്‍വ്വീസ് കൊടുത്തു നില മെച്ചപ്പെടുത്താന്‍ സൃെരേ യും ശ്രമിച്ചാല്‍ തൊട്ടടുത്ത സ്റ്റേറ്റുകളിലെപ്പോലെ ലാഭത്തിലാകാന്‍ നമ്മുടെ ആന വണ്ടിക്കും കഴിയും..

ജോലി ചെയാതെ ശമ്പളം പറ്റി ഈ പ്രസ്ഥാനത്തെ തകര്‍ക്കുന്ന യൂണിയന്‍ നേതാക്കന്മാരുടെ കുല്‍സിത പ്രവര്‍ത്തികളെ വേരോടെ പിഴുതെറിയാന്‍ കെല്‍പ്പുള്ള ഒരു സര്‍ക്കാരും വരാന്‍ പോകുന്നില്ല എന്നത് തന്നെയാണ് കലാകാലങ്ങളായുള്ള ഈ പ്രസ്ഥാനസത്തിന്റെ തകര്‍ച്ചക്ക് മൂലകാരണം..

എത്ര നശിച്ചു പോയാലും ഇതുപോലെ പ്രതീക്ഷയുടെ ചില ചെറിയ നാമ്പുകളുണ്ട്… അതുതന്നെ വലിയ കാര്യം…

ആ കണ്ടക്ടര്‍ ഡ്രൈവര്‍ ചേട്ടന്മാരോടുള്ള സ്നേഹം എഴുതിക്കൊണ്ടു ഇത് നിര്‍ത്തുന്നു പുതിയ കാലത്തെ സ്റ്റാഫുകള്‍ എങ്കിലും നല്ല പെരുമാറ്റത്തിലൂടെ ഇത്രയും കാലമുണ്ടായ കളങ്കങ്ങള്‍ മാറ്റിയെടുക്കാന്‍ മുന്‍കൈ എടുക്കുമെന്ന് പ്രത്യാശിക്കാം…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here