പാലക്കാട്> ഒറ്റപ്പാലം ലെക്കിടി പേരൂരില്‍ കരിങ്കല്‍ ക്വാറിയില്‍ ഖനനം നടത്താന്‍ ഉടമ സിപിഐ എം ലോക്കല്‍ കമ്മിറ്റിക്ക് കരാര്‍ ഒപ്പിട്ടു നല്‍കിയെന്ന മനോരമ വാര്‍ത്ത പച്ചക്കള്ളം. ക്വാറി ഉടമയും ലെക്കിടി പേരൂര്‍ പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ അംഗവും മുസ്ലിംലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി എ ഷൗക്കത്തലി സിപിഐ എമ്മുമായി ഒപ്പിട്ടതെന്ന് പറയുന്ന കരാര്‍ അസംബന്ധം നിറഞ്ഞതാണ്.

കരാറില്‍ ഒപ്പിട്ടത് ഷൗക്കത്തലിയും മറ്റ് രണ്ട് ലീഗ് നേതാക്കളുമാണ്. ആര്‍ക്കാണോ കരാര്‍ എഴുതിക്കൊടുക്കുന്നതെങ്കില്‍ കക്ഷിയും ഒപ്പിടണം. ഇവിടെ സിപിഐ എമ്മിനുവേണ്ടി ആരും ഒപ്പിട്ടിട്ടില്ല. നൂറുരൂപയുടെ മുദ്രപ്പത്രം വാങ്ങിയതും എഴുതിത്തയ്യാറാക്കിയ കുറെ വ്യവസ്ഥകളില്‍ ഒപ്പിട്ടതും ഷൗക്കത്തലിയാണ്.

സിപിഐ എം ഏര്‍പ്പെടുന്ന കരാറുകളില്‍ കൃത്യമായി പാര്‍ടിയുടെ പേര് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)എന്ന് വ്യക്തമാക്കും. ലെക്കിടി പേരൂര്‍ പഞ്ചായത്തില്‍ സിപിഐ എമ്മിന് രണ്ട് ലോക്കല്‍ കമ്മിറ്റിയുണ്ട്. ഇതില്‍ ഏത് ലോക്കല്‍ കമ്മിറ്റിക്കാണ് കരാര്‍ എഴുതി നല്‍കിയതെന്നും കരാറില്‍ വ്യക്തമാക്കിയിട്ടില്ല.

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് ഒരുവര്‍ഷംമുമ്പ് കരാര്‍ ഉണ്ടാക്കിയെന്ന് പറയുന്നതുതന്നെ കള്ളമാണ്. ദിവസവും പത്ത് ലോഡ് കല്ല് സിഐടിയു മംഗലം യൂണിറ്റിന് നല്‍കുമെന്ന വ്യവസ്ഥയും അടിസ്ഥാനരഹിതമാണ്. അതേസമയം ക്വാറി ഖനനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ മലയാള മനോരമ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ലെക്കിടി പേരൂര്‍ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറിയുമായി ബന്ധപ്പെട്ട് ഇല്ലാത്ത കരാറിന്റെ പേരിലാണ് വ്യാജവാര്‍ത്ത നല്‍കിയത്. ഇതിനെതിരെ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും. ക്വാറി ഉടമയും മുസ്ലിം ലീഗ് നേതാവുമായ പി എ ഷൗക്കത്തലിയും സിപിഐ എം ലോക്കല്‍ കമ്മിറ്റിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെന്നത് വ്യാജപ്രചാരണമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുക എന്ന അജന്‍ഡയാണ് മനോരമക്കുള്ളത്.

എന്താണ് കരാര്‍ എന്ന പ്രാഥമിക ധാരണ പോലും മനോരമയ്ക്ക് അറിയില്ല. രണ്ടു കക്ഷികള്‍ തമ്മിലുള്ള ഉടമ്പടിയും ധാരണയുമാണ് കരാര്‍. മനോരമയുടെ കരാറില്‍ ഒരു കക്ഷി മാത്രമേയുള്ളു. സിപിഐ എമ്മിന്റെ ആരെങ്കിലും ഒപ്പിട്ടതായി കാണുന്നില്ല.ഏതു ലോക്കല്‍ കമ്മിറ്റിയാണെന്ന് പറയുന്നില്ല. ലെക്കിടി പേരൂര്‍ പഞ്ചായത്തില്‍ സിപിഐ എമ്മിന് രണ്ട് ലോക്കല്‍ കമ്മിറ്റികളുണ്ട്.

സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇത്തരത്തിലൊരു കരാറിലേര്‍പ്പെടില്ല. വാര്‍ത്ത പടച്ചുണ്ടാക്കിയതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും.

ചില മാധ്യമങ്ങളുടെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം എത്രത്തോളമാണെന്നതിന്റെ തെളിവാണ് മനോരമ വാര്‍ത്ത. കള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും പത്രത്തിനെതിരായും ബന്ധപ്പെട്ടവര്‍ക്കെതിരായും നിയമനടപടി ഉടന്‍ സ്വീകരിക്കുമെന്ന് ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.