‘നിങ്ങള്‍ നിശബ്ദത കൊണ്ട് കേരളത്തിനെ ഒറ്റികൊടുത്തവര്‍’; വിഡി. സതീശന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കാണ് നമ്മുടെ സംസ്ഥാനം സാക്ഷ്യംവഹിച്ചത്. ജനതയുടെ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ ഈ ദുരന്തത്തെ മറികടക്കുന്നതിന് നമുക്ക് സാധ്യമായി. പ്രളയദുരന്തം അനുഭവിക്കുന്ന ഘട്ടത്തില്‍ തന്നെ ഇതിനെ മറികടക്കുന്നതിന് വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുമെന്ന കാര്യം ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.


ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് നാം ഊന്നല്‍ നല്‍കിയത്. അതോടൊപ്പംതന്നെ പുനരധിവാസ പ്രവര്‍ത്തനത്തിനുള്ള നടപടികളും സ്വീകരിച്ചു. പുനര്‍നിര്‍മ്മാണത്തിന്റേതായ അടുത്ത ഘട്ടം എന്നത് ഒരു ദീര്‍ഘകാല പ്രക്രിയ ആയിരിക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നതാണ്.

പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന്റെ പാരിസ്ഥിതികമായ പ്രത്യേകതകളെ കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കുമെന്നായിരുന്നു അന്നേ വ്യക്തമാക്കിയത്. അതിന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ സ്വാംശീകരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിരുന്നു.

പ്രളയത്തില്‍ സംസ്ഥാനത്തിന് 31000 കോടിയോളമാണ് നഷ്ടമുണ്ടായത്. പാരിസ്ഥിതികമായ ആഘാതം കൂടി കണക്കിലെടുത്താല്‍ നഷ്ടം ഇതിലേറെ കൂടുകയും തലമുറകളോളം നീണ്ടുനില്‍ക്കുകയും ചെയ്യും എന്നാണ് വിലയിരുത്തിയിരുന്നത്. മുതല്‍മുടക്ക് ആവശ്യമായ മേഖലകള്‍ കണ്ടെത്തി പദ്ധതികള്‍ വിഭാവനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് ആദ്യതലം.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ചെയ്യുവാന്‍ കഴിയുന്ന രീതിയില്‍ നമ്മുടെ സ്ഥാപനങ്ങളുടെ ശാക്തീകരണവും ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ തലം. നയപരമായ കാര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പ്രത്യേകിച്ച് കാലാവസ്ഥാവ്യതിയാനം പോലുള്ള പശ്ചാത്തലത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് മൂന്നാമത്തെ തലം.

ഇത് കാണിക്കുന്നത് പ്രളയശേഷം പുനര്‍മ്മാണപ്രവര്‍ത്തനം എന്നത് ദീര്‍ഘകാല പ്രക്രിയ കൂടിയാണ് എന്നതാണ്. അതുകൊണ്ടുതന്നെ മൂന്നു തലത്തിലുള്ള ഇടപെടലിലൂടെ മാത്രമേ ഈ ദുരന്തത്തെ മറികടക്കാനാവൂ. മൂന്നു വര്‍ഷമെങ്കിലും ചുരുങ്ങിയത് ഈ ദുരന്തത്തെ മറികടക്കുന്ന ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ നമുക്ക് ആവശ്യമായി വരും.

മൂന്ന് ഘട്ടങ്ങളായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ടുതന്നെ തുകയുടെ വിന്യാസവും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചിലവഴിക്കാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ നീക്കിയിരിപ്പ് വെറും സഹായവിതരണം എന്നതിലപ്പുറം പ്രളയ, പ്രകൃതിദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ക്രിയാത്മകമായി ചിന്തിച്ചിട്ടുള്ള ഒരു സര്‍ക്കാരാണിത്.

പ്രളയത്തിനു ശേഷം ഉടന്‍സഹായമായ 10,000 രൂപ ഇതിനകം 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പൂര്‍ണ്ണമായും തകര്‍ന്ന 15,324 വീടുകളില്‍ ഇന്നുവരെ 5422 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്വന്തമായി വീട് നിര്‍മ്മിക്കുവാന്‍ സന്നദ്ധരായ 10,426 പേരില്‍ 9,967 പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു.

വീട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായാണ് സഹായം നല്‍കുന്നത്. പൂര്‍ണ്ണമായി തകര്‍ന്ന കേസുകള്‍ എന്ന് കരുതുന്നവയില്‍ അപ്പീലുകളായി ലഭിച്ച 34,768 എണ്ണത്തില്‍ 34,275 ഉം തീര്‍പ്പാക്കിക്കഴിഞ്ഞു. ഭാഗികമായി തകര്‍ന്നതായി ലഭിച്ച 2,54,260 കേസുകളില്‍ 2,40,738 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. അപ്പീലായി ലഭിച്ച 1,02,479 കേസുകളില്‍ 1,01,878 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. 31.01.2019 വരെ ലഭിച്ച അപ്പീലുകള്‍ തീര്‍പ്പാക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ലഭിച്ചിരുന്നു.

എന്നാല്‍ 30.06.2019 വരെ ലഭിക്കുന്ന അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. നാശനഷ്ടം നേരിട്ട ഏതെങ്കിലും കുടുംബം ഉണ്ടെങ്കില്‍ ഒരു കാരണവശാലും അവര്‍ ഒഴിവാക്കപ്പെടരുത് എന്ന ഉറച്ച ബോധ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

കാര്‍ഷികമേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങളെ ഏറ്റവും അനുഭാവപൂര്‍വ്വം പരിഗണിച്ച സര്‍ക്കാരാണിത്. 3,54,810 കര്‍ഷകര്‍ക്കായി 1,651 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു. ഇതിനു പുറമെ 2,38,376 കര്‍ഷകര്‍ക്ക് ദേശീയ ദുരന്തപ്രതിരകരണ നിധിയുടെ മാനദണ്ഡം അനുസരിച്ചുള്ള സഹായവും നല്‍കി. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ 1,52,350 കുടുംബങ്ങള്‍ക്ക് 51 കോടി രൂപ വിതരണം ചെയ്തു.

നെല്ലും പച്ചക്കറിയും വിത്തുകളും പുതുതായി കൃഷിയിറക്കാനായി സര്‍ക്കാര്‍ നല്‍കി. കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കാര്‍ഷികമേഖലയിലെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുവാനും കൃഷിയെ കൂടുതല്‍ കാര്യക്ഷമമാക്കുവാനു ഉദ്ദേശിച്ചുകൊണ്ട് 65.81 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ അനുമതി ലഭിച്ചു.

കിസ്സാന്‍ കാര്‍ഡ് ഉള്ള കര്‍ഷകര്‍ തേനീച്ച കര്‍ഷകര്‍, അലങ്കാരമത്സ്യ കര്‍ഷകര്‍ എന്നിങ്ങനെ ദേശീയ ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കര്‍ഷകരെക്കൂടി പരിഗണിച്ചുകൊണ്ട് ഉജ്ജീവന വായ്പാപദ്ധതി മുഖാന്തിരം കര്‍ഷകന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രളയത്തിനു ശേഷമുള്ള ആദ്യത്തെ കാര്‍ഷികവിളവില്‍ തന്നെ ഹ്രസ്വകാല വിളകളുടെ ഉത്പാദനത്തില്‍ റെക്കോര്‍ഡ് തലത്തില്‍ എത്തുകയും അതിന്റെ പ്രയോജനം പ്രളയബാധിതരായ കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്തത്.

നഷ്ടപ്പെട്ട ജീവനോപാധികള്‍ വീണ്ടെടുക്കാനായി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ രാജ്യം തന്നെ ഉറ്റുനോക്കിയിട്ടുള്ളതാണ്. കുടുംബശ്രീ വഴി കേരളത്തിലെ 1,53,515 വനിതകള്‍ക്ക് 1,349.14 കോടി രൂപയുടെ റിസര്‍ജന്റ് കേരള ലോണ്‍ ലഭ്യമാക്കി. ഈ വായ്പയുടെ പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് നല്‍കുന്നത്.


വൈദ്യുതമേഖലയില്‍ 90 ദിവസംകൊണ്ട് 25 ലക്ഷം കണക്ഷനുകള്‍ പുനഃസ്ഥാപിക്കുക വഴി വികസിത രാജ്യങ്ങളില്‍ പോലും സമാനതയില്ലാത്ത ഒരു പ്രവര്‍ത്തനമാണ് കേരളം കാഴ്ചവെച്ചത്. ഈ പ്രവൃത്തിക്കായി ലക്ഷണക്കിന് തൊഴില്‍ദിനങ്ങളാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. ക്ഷീരമേഖലയില്‍ ഒരു പശുവിന് 30,000 രൂപ എന്ന നിരക്കില്‍ 29 കോടി രൂപയുടെ സഹായം നല്‍കി.

സര്‍ക്കാര്‍ നടപ്പാക്കിയ ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൂക്ഷ്മ ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍, കടകള്‍, തേനീച്ച കര്‍ഷകര്‍, അലങ്കാരമത്സ്യ കര്‍ഷകര്‍ എന്നിവര്‍ക്ക് 2 ലക്ഷം രൂപവരെയുള്ള സഹായ പദ്ധതികള്‍ ഉജ്ജീവന പദ്ധതി പ്രകാരം ഇതുവരെ 43.8 കോടി രൂപയുടെ വായ്പകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 19.06.2019 ലെ മന്ത്രിസഭായോഗ തീരുമാനപ്രകാരം ദുരിതാശ്വാസനിധിയിലേയും ആര്‍.കെ.ഐ.യ്ക്ക് ലഭിക്കുന്ന ലോക ബാങ്ക് വായ്പയും വിനിയോഗിച്ച് ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

ഇതില്‍പ്പെട്ടതാണ് ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണം. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഭവനനിര്‍മ്മാണ പദ്ധതി, പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരദ്ധാരണം എന്നിവ. ഇവ സമയബന്ധിതമായി നടപ്പാക്കും എന്ന കാര്യത്തില്‍ സര്‍ക്കാരിന് ദൃഢനിശ്ചയമുണ്ട്. പ്രളയശേഷമുള്ള അടിയന്തര ദുരിതാശ്വാസ നടപടികള്‍ ഫലപ്രദമായി ഏകേപിപ്പിക്കുന്ന ഘട്ടം കഴിഞ്ഞ ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തത് നാശനഷ്ടങ്ങളുടെ ശാസ്ത്രീയമായ ഒരു കണക്കെടുപ്പ് നടത്താനാണ്.

അതോടൊപ്പം പുനര്‍നിര്‍മ്മാണത്തിനാവശ്യമായ തുക തിട്ടപ്പെടുത്തുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായിട്ടു തന്നെ ഇത്തരത്തിലുള്ള ഒരു ദുരന്തപൂര്‍വ്വ സമീപനം സമയബന്ധിതമായി ഐക്യരാഷ്ട്ര സഭയുടെ സംവിധാനങ്ങളേയും ലോക ബാങ്കിനേയും ഉപയോഗിച്ച് ചെയ്യുവാന്‍ കഴിഞ്ഞത് കേരളത്തിലാണെന്ന കാര്യം ഓര്‍മ്മിപ്പിക്കട്ടെ.


പ്രളയദുരിതാശ്വാസത്തിന്റെ പുനര്‍നിര്‍മ്മാണ ഘട്ടത്തിന്റെ ഭാഗമായാണ് കേരള പുനര്‍നിര്‍മ്മാണ വികസനപരിപാടി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പരിസ്ഥിതി സൗഹാര്‍ദ്ദവും അതിജീവനക്ഷമതയുള്ളതുമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുന്ന മാര്‍ഗ്ഗരേഖയായാണ് റി-ബില്‍ഡ് കേരള ഡവലപ്പ്മെന്റ് പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ളത്.

മേല്‍പ്പറഞ്ഞ ദുരിതാശ്വാസസഹായങ്ങള്‍ക്കു പുറമെയാണ് ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി ദുരന്താഘാത പ്രതിരോധ ശേഷിയുള്ള ഒരു പുതിയ കേരളത്തിന്റെ നിര്‍മ്മാണം. ഇതിന്റെ ഭാഗമായാണ് റിബില്‍ഡ് കേരള എന്ന പദ്ധതി വിഭാവനം ചെയ്തത്. ആര്‍.കെ.ഐ. കേവലം ഒരു പ്രളയാനന്തര സഹായപദ്ധതി മാത്രമല്ല, ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ഒരു രൂപരേഖയാണ്. ഇത് വിശദമായി തയ്യാറാക്കുകയും ഇതിനകം മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇത് പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിട്ടുള്ളതാണ്.

ആര്‍.കെ.ഐ.യുടെ ഘടന വളരെ വിപുലമാണ്. മുഖ്യമന്ത്രി അധ്യക്ഷനായ അഡൈ്വസറി കൗണ്‍സില്‍. ഇതില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, വിദഗ്ധന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല എംപവേര്‍ഡ് കമ്മിറ്റി ഉദ്യോഗസ്ഥതലത്തിലുള്ള ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി എന്നിവയും ഉണ്ട്. ഇത് കേവലം ഒരു സര്‍ക്കാര്‍ സംവിധാനം മാത്രമല്ല. വളരെ പെട്ടെന്നുതന്നെ പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് അന്താരാഷ്ട്ര ഏജന്‍സിയുടെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്സ്മെന്റ് നടത്തി അനുമാനിക്കുവാന്‍ കഴിയും.

ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു നിര്‍മ്മാണ പദ്ധതിയാണ് ആര്‍.കെ.ഐ. പ്രളയത്തിനുശേഷം പഴയതിലേക്കുള്ള മടങ്ങിപ്പോക്കല്ല ആര്‍.കെ.ഐ. നദികളെ സംരക്ഷിക്കാന്‍ റിവര്‍ ബേസിന്‍ അതോറിറ്റിയുടെ രൂപീകരണം. സംയോജിത ജല മാനേജ്മെന്റ് പദ്ധതി, വിദേശവിദഗ്ധരുടെ (ഡച്ച് വിദഗ്ധരുടെ) സാങ്കേതിക സഹായത്തോടെ കുട്ടനാട്ടിലും തോട്ടപ്പള്ളിയിലും മൂന്ന് ഘട്ടങ്ങളായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പുനരധിവാസം, എന്നിവ ഉള്‍പ്പെടെ ദുരാന്താഘാത ശേഷി താങ്ങാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തെ സജ്ജമാക്കുന്ന ഒരു പദ്ധതിയാണ് ആര്‍.കെ.ഐ. പ്രാരംഭദിശയില്‍ നിന്നും ചിട്ടയായും വേഗതയോടുംകൂടി ഇത് മുന്നേറുകയാണ്.

ലോക ബാങ്ക് സഹായം ഇതിനകം ലഭ്യമായിക്കഴിഞ്ഞു. മറ്റു ഏജന്‍സികളുടെ സഹായം ലഭ്യമാകുന്നുണ്ട്. ജൂലായ് മാസം വിപുലമായ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ച് മുന്നോട്ടുള്ള പ്രയാണം എങ്ങനെയെന്ന് വിദഗ്ധരുടെ നിര്‍ദ്ദേശത്തോടുകൂടി തയ്യാറാക്കുന്നതാണ്. ഇങ്ങനെ മുന്നേറുന്ന ആര്‍.കെ.ഐ. പരാജയമാണെന്ന് പറയുന്നത് ഒരു പ്രത്യേക മനഃസ്ഥിതിയുടെ ഉത്പന്നമാണ്.

ഇത് കേവലം ദിവാസ്വപ്നമാണെന്നുള്ളത് ചിന്തിക്കുന്ന ഏവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും. കേരള സര്‍ക്കാരും സമൂഹവും എങ്ങനെ സമാനതകളില്ലാത്ത പ്രളയദുരന്തത്തെ നേരിട്ടുവെന്നത് ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയ അനുഭവമാണ്. ഇത് കാണാതിരിക്കുകയും അതില്‍ പങ്കാളികളാകാതിരിക്കുകയും പങ്കാളികളായവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തവരാണ് ആര്‍.കെ.ഐ. പരാജയപ്പെട്ടുവെന്ന് പകല്‍കിനാവ് കാണുന്നത്.

ആര്‍.കെ.ഐ. അടിയന്തിരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒന്നല്ല. ദീര്‍ഘകാല പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒന്നാണ് എന്ന കാഴ്ചപ്പാടോടെയാണ് ഇതിനെ കാണേണ്ടത്. ഈ സമഗ്രമായ ധാരണയോടെ പ്രശ്നത്തിനെ കാണാന്‍ കഴിയാത്തതുകൊണ്ടാണ് പ്രമേയവതാരകന്‍ ഇത്തരത്തിലുള്ള ഒരു നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്.


പ്രളയം മൂലം 31,000 കോടിയുടെ നഷ്ടമുണ്ടായി. കേന്ദ്രം ഇതിന്റെ ആറിലൊന്നുപോലും തന്നില്ല. ആ അവഗണനയ്ക്കെതിരെ നിങ്ങള്‍ ഒരു വാക്കെങ്കിലും പ്രതികരിച്ചോ? സാലറിചലഞ്ച് വഴി തുക സമാഹരിക്കാന്‍ ശ്രമിച്ചു. അതിനെ തടയിടാന്‍ നിങ്ങള്‍ ആകാവുന്നതെല്ലാം ചെയ്തു. നിങ്ങളുടെ വിലക്ക് മറികടന്ന് ജീവനക്കാര്‍ 1,112 കോടി തന്നു എന്നതു മറ്റൊരു കാര്യം. വിദേശത്തുപോയി അവിടത്തെ മലയാളികളില്‍ നിന്നും സഹായം ശേഖരിക്കാന്‍ ശ്രമിച്ചു. അതിനായി പോകാനിരുന്ന മന്ത്രിമാരുടെ യാത്ര തടഞ്ഞു. നിങ്ങള്‍ ഒരു വാക്ക് മിണ്ടിയോ?


സഹായിക്കാന്‍ ചില ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നു. ആ സഹായം കൈപ്പറ്റുന്നതില്‍ നിന്നും വിലക്കി. നിങ്ങള്‍ അതിനെതിരെ പ്രതികരിച്ചോ?കേരളത്തിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി വായ്പാപരിധി ഉയര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടു. കേന്ദ്രം അതുപോലും വിസമ്മതിച്ചു. അപ്പോഴും നിങ്ങള്‍ ഒരു വാക്കെങ്കിലും പ്രതികരിച്ചോ? ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടത്തില്‍ കേരളത്തിന്റെ പൊതുതാല്പര്യങ്ങളെ ബലികഴിക്കുവിധം നിങ്ങള്‍ നിലപാടെടുത്തു. നിശബ്ദതകൊണ്ട് കേരളത്തിന്റെ താല്പര്യങ്ങളെ ഒറ്റികൊടുത്തു.

സംസ്ഥാനത്തിന്റെ വിഭവസമാഹരണ ശ്രമങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതൊക്കെ ചെയ്ത ശേഷം ഇവിടെ വന്ന് വിഭവസമാഹരണത്തില്‍ പരാജയപ്പെട്ടു എന്ന് ആക്ഷേപിക്കുകയാണ് നിങ്ങള്‍. കേരളത്തിനു വേണ്ടി ഒരു വാക്ക് പറഞ്ഞില്ല. കോണ്‍ഗ്രസ്സുകാര്‍ 1,000 വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചല്ലോ? എവിടെ ആ വീടുകള്‍? പറയാന്‍ എളുപ്പമാണ്. പ്രവൃത്തിയാണ് വിഷമം. പ്രവൃത്തിയെടുക്കുന്നവരെ ആക്ഷേപിക്കല്‍ എളുപ്പമാണെന്നു കൂടി നിങ്ങള്‍ തെളിയിക്കുകയാണ്. ഇത് ജനങ്ങള്‍ മനസ്സിലാക്കും. പലര്‍ക്കും സഹായം കിട്ടിയില്ലെന്ന് പറയുന്നു.

എല്ലാവര്‍ക്കും ആദ്യ ഗഡു കിട്ടിയെന്നതാണ് സത്യം. ചിലര്‍ സ്വന്തം നിലയ്ക്ക് വീടുകള്‍ കെട്ടിക്കൊള്ളാമെന്ന് ഏറ്റു. ഇവര്‍ക്ക് രണ്ടാം ഗഡു സഹായം നല്‍കണമെങ്കില്‍ ആദ്യ ഗഡു സഹായം ചിലവാക്കിയിരിക്കണം. രണ്ടാം ഗഡുവിനുള്ള പണവും സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. പല ജില്ലകളിലും ഒരേ വേഗത്തിലല്ല അവിടുത്തെ പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഇതിലെ വ്യത്യാസം എടുത്തുവെച്ച് ഒന്നും നടക്കുന്നില്ല എന്നു ചിത്രീകരിക്കാനാണ് നിങ്ങള്‍ നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News