‘അമ്മ’യുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ധാരണ; സ്ത്രീകള്‍ക്കായി ആഭ്യന്തര പരിഹാര പരാതി സെല്‍ രൂപീകരിക്കും

കൊച്ചി: താരസംഘടന അമ്മയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ധാരണ. സ്ത്രീകള്‍ക്കായി ആഭ്യന്തര പരിഹാര പരാതി സെല്‍ രൂപീകരിക്കും. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം നാല് സ്ത്രീകള്‍ക്കെങ്കിലും പ്രാതിനിധ്യം നല്‍കിയേക്കും.

സിനിമാ മേഖലയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നിരന്തരമായി ആവശ്യങ്ങള്‍ ഉന്നയിക്കുകയും അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ആവശ്യങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നതിനെതിരെ പലതവണ ഡബ്ലിയുസിസി രംഗത്തെത്തുകയും ചെയ്തു.

ഞായറാഴ്ച അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി ചേരുമ്പോള്‍ ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടെ അംഗീകരിക്കപ്പെടുമെന്നാണ് വിവരം. സ്ത്രീകള്‍ക്കായി ആഭ്യന്തര പരിഹാര പരാതി സെല്‍ രൂപീകരിക്കും. അടുത്ത അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും.

നാല് സ്ത്രീകളെയെങ്കിലും എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തും. വൈസ് പ്രസിഡന്റുമാരിലൊരാളെ വനിതാ പ്രതിനിധിയാക്കാനും ധാരണയുണ്ട്. നിലവിലെ 17 അംഗ എക്‌സിക്യുട്ടീവ് യോഗത്തില്‍ രണ്ട് പേര്‍ മാത്രമാണ് സ്ത്രീകളുളളത്. പുതിയ ഭേദഗതി വാര്‍ഷിക ജനറല്‍ ബോഡിയില്‍ വയ്ക്കാനാണ് തീരുമാനം.

അമ്മ താരസംഘടനയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷവും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഇത്തരം ആവശ്യങ്ങള്‍ നടപ്പാക്കാത്തതിനെതിരെ സിനിമാ മേഖലയില്‍ നിന്നു തന്നെ വലിയ അതൃപ്തി പുറത്തുവന്നിരുന്നു.

ഡബ്ലിയുസിസി എന്ന സ്ത്രീകളുടെ സംഘടനകളുടെ രൂപീകരണത്തിന് കാരണമായതും സിനിമാ മേഖലയിലെ പുരുഷമേധാവിത്വത്തിനെതിരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here