വീണ്ടും അഭിമാന നേട്ടം; ആരോഗ്യമേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളം; ഏറ്റവും മോശം ഉത്തര്‍പ്രദേശ്

ദില്ലി: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി.

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്.

ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്.


രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ആരോഗ്യ സൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യ മേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്.

നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News