കടലില്‍ ഇറങ്ങുമ്പോള്‍ ശരീരത്തില്‍ കയറിക്കൂടും, പതിയെ പതിയെ മാംസം തിന്നും; പ്രാണനെടുക്കും ഈ മാരക ബാക്ടീരിയ

കടലില്‍ കുളിക്കുന്നതും തീരത്ത് കളിക്കുന്നതും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കാര്യമാണ്.  കടലില്‍ കുളിച്ചു കയറുമ്പോള്‍ നിങ്ങള്‍ ക്ഷണിക്കാത്ത ഒരു അതിഥി നിങ്ങളുടെ ശരീരത്തില്‍ കടന്നുകയറി വാസമുറപ്പിക്കുന്നതും പതിയെ പതിയെ ശരീരത്തിലെ പച്ചമാംസം കാര്‍ന്നു തിന്നു തുടങ്ങുന്നതും ചിന്തിക്കാനാകുമോ.. സംഭവം സത്യമാണ്. മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയകള്‍ കടല്‍ത്തീരങ്ങളില്‍ സജീവമാകുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

         

മനുഷ്യവാസമുള്ള മേഖലകളിലേക്ക്  വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം വ്യാപിക്കുന്നതായാണ് ഗവേഷകര്‍ പറയുന്നത്.

ഇതിന് കാരണമാകട്ടെ ആഗോള താപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടുന്നതും.  ഇതുമൂലമാണ് ഇവ തീരങ്ങ‍ളോട് അടുക്കുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. 

അമേരിക്കയിലാണ് ഈ ബാക്ടീരിയയുടെ ആക്രമണം മൂലം ഏറ്റ‍വും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത്. ഇവയുടെ ആക്രമണം മൂലം  അംഗവൈകല്യം വരുന്നവുടേയും മരിക്കുന്നവരുടേയും എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഗവേഷകര്‍ അന്വേഷണം ആരംഭിച്ചത്.

വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ ക്രമാതീതമായി കൂടുന്നുവെന്നാണ്  ന്യൂജേഴ്സിയിലെ കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വിശദമാക്കുന്നത്. 

സമുദ്രജലത്തിന്‍റെ ചൂട് കൂടുന്നതോടെയാണ് ഈ ബാക്ടീരിയയുടെ ആക്രമണം കൂടുന്നത്.  മെക്സിക്കോ ഉൾക്കടലിലെ ചില മേഖലകൾ പോലെ കടലിലെ താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊൾനിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാൽ ആഗോള താപനം മൂലം ഇവ വ്യാപിക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഉപ്പുരസം കൂടുതലുള്ള കടലിൽ അല്ലെങ്കിൽ കടലും  ജലാശയവുമായി കൂടിച്ചേരുന്ന ഭാഗങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായി   കാണുന്നത്. കടലില്‍ ഇറങ്ങുന്നവരുടെ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയാണ് ഇവ നേരിട്ട് ശരീരത്തില്‍ കടന്നു കൂടുന്നത്. 

കൂടാതെ കക്കയിറച്ചി, ഞണ്ടുകള്‍, ഷെല്‍ഫിഷുകള്‍ മുതലായവ ക‍ഴിക്കുന്നതിലൂടെയും ഇവ ശരീരത്തിലെത്താം. ശരീരത്തിലേക്ക് കടന്ന  ബാക്ടീരിയ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയാല്‍  ചര്‍മ്മത്തില്‍ ചുവന്ന പാടുകല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

 

പിന്നീട് ഇവ വലുതായിത്തുടങ്ങും. ക്രമേണ ഇവിടുത്തെ മാംസം അ‍ഴുകി ദ്രവിക്കും. ബാക്ടീരിയ ബാധയേറ്റ ഭാഗം മുറിച്ചുകളയുക മാത്രമാണ് ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗം.

അതിവേഗം മാംസം തിന്നുതീര്‍ക്കുന്ന ഇവ വളരെ വേഗത്തില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനാണ് ഇങ്ങലെ ചെയ്യുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയയുടെ ആക്രമണം  രൂക്ഷമാവുക.  ജലമലിനീകരണവും ഇവയുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. 

അമേരിക്കയിൽ ഓരോ വർഷവും കുറഞ്ഞത് 250 പേരെങ്കിലും ഈ ബാക്ടീരിയയുടെ ആക്രമണം നേരിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ കടലിലും ജലാശയങ്ങളിലും ഇറങ്ങരുതെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here