ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ കഷ്ടപ്പെട്ട് ജയിച്ച ഇന്ത്യ ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോള്‍ഡില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ നേരിടും.

വെസ്റ്റിന്‍ഡീസിനിത് ജീവന്മമരണ പോരാട്ടമാണ്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിന് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. മറുവശത്ത് അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് വിന്‍ഡീനിസെതിരായ വിജയത്തിലൂടെ സെമി സാധ്യത ഉറപ്പിക്കാനാകും.

വ്യക്തിഗത നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ഈ മത്സരം പ്രധാനമാണ്. ഇതിഹാസ താരങ്ങളായിരുന്ന സച്ചിനെയും ബ്രയാന്‍ ലാറയെയും മറികടന്ന് രാജ്യാന്തര ക്രിക്കറ്റില്‍ വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ കോഹ്ലിക്ക് വേണ്ടത് പെറും 37 റണ്‍സ് മാത്രം.

നിലവിലെ ഫോം അനുസരിച്ച് ഇന്ത്യയ്ക്ക് വെസ്റ്റിന്‍ഡീസിനെ ഭയക്കേണ്ട കാര്യമില്ല. മറുവശത്ത് ഇംഗ്ലിഷ് മണ്ണില്‍ കറുത്ത കുതിരകളാകുമെന്നു കരുതപ്പെട്ടിരുന്ന വെസ്റ്റിന്‍ഡീസാകട്ടെ ഇതുവരെ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ആറ് മല്‍സരങ്ങളില്‍നിന്ന് ഒരേയൊരു ജയമുള്‍പ്പെടെ മൂന്നു പോയിന്റാണ് വിന്‍ഡീസിനുള്ളത്.

എന്നാല്‍, ഏതുനിമിഷവും ഉണര്‍ന്നെണീക്കാവുന്ന ഊര്‍ജം വെസ്റ്റിന്‍ഡീസിനുണ്ടെങ്കിലും ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ പരുക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്. വ്യാഴാഴ്ച ഇന്ത്യയ്ക്കെതിരേ ഇറങ്ങുമ്പോഴും വിന്‍ഡീസിന് സാങ്കേതികമായി സെമി സാധ്യതയുണ്ടാകും. എന്നാല്‍ ഈ മത്സരത്തില്‍ തോറ്റാല്‍ പുറത്താകുകയും ചെയ്യും. അതിനാല്‍ തന്നെ ഒരു തിരിച്ചുവരവിന് വിന്‍ഡീസ് ശ്രമിക്കുമെന്നുറപ്പ്.

നാളത്തെ മത്സരഫലമെന്തായാലും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയിലേക്കായിരിക്കും. ആ ബാറ്റില്‍ നിന്ന് 37 റണ്‍സ് പിറന്നു കിട്ടാനുള്ള കാത്തിരിപ്പാകുമത്. കാരണം മറ്റൊന്നുമല്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 20000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതാന്‍ കോഹ്ലിക്ക് മുന്നിലുള്ളത് 37 റണ്‍സിന്റെ ദൂരം മാത്രമാണുള്ളത്. 131 ടെസ്റ്റുകളും 223 ഏകദിനങ്ങളും 62 ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടെ 416 ഇന്നിങ്‌സുകളാണ് കോഹ്ലി പൂര്‍ത്തിയാക്കിയത്.

453 ഇന്നിങ്‌സുകളില്‍ നിന്ന് 20000 റണ്‍സ് പൂര്‍ത്തിയാക്കിയ സചിനും ബ്രയന്‍ ലാറയ്ക്കും തൊട്ടു പിന്നില്‍ 468 ഇന്നിങ്‌സുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങുമുണ്ട്. 11 പേരാണ് നിലവില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. സചിനെ കൂടാതെ ദ്രാവിഡ് മാത്രമാണ് 20,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം.

നിലവില്‍ 19,963 റണ്‍സാണ് കോഹ്ലിയുടെ പേരിലുള്ളത്. ഏകദിന മത്സരങ്ങളില്‍ വേഗത്തില്‍ 11,000 റണ്‍സ് നേടിയ ബാറ്റസ്മാന്‍ എന്ന റെക്കോര്‍ഡ് കോഹ്ലി നേരത്തെ സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ഏകദിനത്തില്‍ 11087 റണ്‍സും ടെസ്റ്റ് മത്സരങ്ങളില്‍ 6613 റണ്‍സും ട്വന്റി-20യില്‍ 2263 റണ്‍സുമാണ് കോഹ്ലി അടിച്ചെടുത്തത്. നാല് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 244 റണ്‍സാണ് ഈ ലോകകപ്പില്‍ കോഹ്ലിയുടെ സമ്പാദ്യം.