കൊച്ചി: പ്രകടനം തടസ്സപ്പെടുത്തി പ്രതികരണം എടുക്കാന്‍ ശ്രമിച്ചതിനെ തടയുക മാത്രമാണ് താന്‍ ചെയ്തതെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രകടനം കഴിഞ്ഞ ശേഷം പ്രതികരണം നല്‍കാമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

എന്നാല്‍ അതിന് കാത്ത് നില്‍ക്കാതെ പ്രകടനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനെയാണ് താന്‍ എതിര്‍ത്തത്. ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചാല്‍ വഴങ്ങില്ലന്നും സിഎന്‍ മോഹനന്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കി.