ആറുമാസം കൊണ്ട് കെട്ടിടമായി; ആറുവര്‍ഷമായിട്ടും നമ്പര്‍ കിട്ടിയില്ല; ചേര്‍പ്പ് പഞ്ചായത്തിനെതിരെ പ്രവാസി വ്യവസായി

തൃശൂര്‍ പഞ്ചായത്തില്‍നിന്ന് കെട്ടിടനിര്‍മാണത്തിന് അനുമതി വാങ്ങി ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച്,

ആറുവര്‍ഷം കഴിഞ്ഞിട്ടും നമ്പര്‍ നല്‍കാതെ പ്രവാസി വ്യവസായിയെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് വലയ്ക്കുന്നു.

യുഡിഎഫ് ഭരിക്കുന്ന ചേര്‍പ്പ് പഞ്ചായത്തിലെ പ്രസിഡന്റ് സി കെ വിനോദും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നിസ്സാരകാരണങ്ങള്‍ പറഞ്ഞ് കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ തന്നെ വലയ്ക്കുന്നതെന്ന് പ്രവാസിയായ ആഭരണ നിര്‍മാണ വ്യവസായി പി എം സത്യന്‍ പറഞ്ഞു.

കാലങ്ങളായി കേരളത്തിലും വിദേശത്തുമായി ആഭരണ നിര്‍മാണ വ്യവസായം നടത്തുന്നയാളാണ് ചേര്‍പ്പ് പൂത്തേരി മാധവന്റെ മകന്‍ പി എം സത്യന്‍.

ചേര്‍പ്പിലെ സത്യന്റെ നിര്‍മാണ കേന്ദ്രത്തിലെ തൊഴിലാളികളെ സുരക്ഷിതമായി താമസിപ്പിക്കാനാണ് ചേര്‍പ്പ് ഗവ. ആശുപത്രിക്ക് പിന്‍വശം 4.75 സെന്റ് ഭൂമി വാങ്ങി, കെട്ടിട നിര്‍മാണ അനുമതിക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്.

2013 മാര്‍ച്ച് 23ന് ചേര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷനല്‍കി ദിവസങ്ങള്‍ക്കകം നിര്‍മാണത്തിന് അനുമതി ലഭിച്ചു.

തൊട്ടുപിന്നാലെ പ്രദേശത്തെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണപ്പിരിവിന് എത്തിത്തുടങ്ങി.

52 ചതുരശ്ര മീറ്ററിലുള്ള ഇരുനിലക്കെട്ടിടത്തിനാണ് നിര്‍മാണാനുമതി ലഭിച്ചത്.

ആറുമാസത്തിനകം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.

കെട്ടിട നമ്പര്‍ ലഭിക്കാന്‍ പല തവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയെങ്കിലും, അന്നത്തെ പ്രസിഡന്റ് മിനി ജോസും സെക്രട്ടറിയും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

അനുവദിച്ചതിനേക്കാള്‍ 21.22 ചതുരശ്ര മീറ്റര്‍ അധികം നിര്‍മിച്ചെന്നായിരുന്നു ആദ്യകാരണം.

തച്ചുശാസ്ത്രവിധിപ്രകാരം നിര്‍മിച്ചതിനാലാണ് കെട്ടിടം അധികരിച്ചതെന്നും, പ്ലാന്‍ റിവൈസ് ചെയ്തു നല്‍കണമെന്നും ആവശ്യപ്പെട്ട് 2014 മെയ് 17ന് സത്യന്‍ വീണ്ടും അപേക്ഷ നല്‍കി.

സെക്രട്ടറിക്ക് അനുമതി നല്‍കാമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പ്പര്യത്തിന് വഴങ്ങി അനുമതി നിഷേധിച്ചു.

തുടര്‍ന്ന് കെട്ടിടത്തിനുമുന്നില്‍ നോട്ടിഫൈഡ് റോഡാണെന്ന് പറഞ്ഞ് പുതിയ തടസ്സവാദവുമായി അധികൃതരെത്തി.

എന്നാല്‍, വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോള്‍ ഇത് നോട്ടിഫൈഡ് റോഡല്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് കെട്ടിടത്തിന്റെ അതിരുകള്‍ക്ക് വെളിയില്‍ തൂങ്ങിനില്‍ക്കുന്ന അങ്കണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് സെക്രട്ടറി തടസ്സമുന്നയിച്ചു.

എന്നാല്‍, പരിശോധനയില്‍ ഇതും തെറ്റാണെന്ന് ബോധ്യമായി.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കാത്തതും ഗ്രൂപ്പുതിരിഞ്ഞുള്ള തര്‍ക്കവുമാണ് പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് നമ്പര്‍ നല്‍കാതിരിക്കാന്‍ കാരണം. 85 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

ഈ കെട്ടിടത്തിന് നമ്പര്‍ ലഭിക്കണമെങ്കില്‍, സമീപത്തെ മറ്റൊരു ഭൂമി 1.25 കോടി രൂപയ്ക്ക് വാങ്ങണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് സത്യനോട് ആവശ്യപ്പെട്ടിരുന്നു.

ഇത് നിഷേധിച്ചതും കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ വലയ്ക്കാന്‍ കാരണമായി.

ഇതേത്തുടര്‍ന്ന്, മുമ്പ് തദ്ദേശഭരണവകുപ്പിന്റെ ചുമതലവഹിച്ചപ്പോള്‍ മന്ത്രി കെ ടി ജലീലും ഇപ്പോള്‍ തദ്ദേശഭരണമന്ത്രിയായ എ സി മൊയ്തീനും കെട്ടിടത്തിന് താല്‍ക്കാലിക നമ്പര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് നമ്പര്‍ നല്‍കാമെന്ന് സെക്രട്ടറി സമ്മതിച്ചെങ്കിലും പഞ്ചായത്ത് ഓഫീസില്‍ ചെന്നപ്പോള്‍ കേസുണ്ടെന്നും മറ്റും പറഞ്ഞ് നമ്പര്‍ നിഷേധിച്ചെന്നും സത്യന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യാനില്ലെന്നും കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ നീതിതേടി ഏതറ്റംവരെയും പോകുമെന്നും പി എം സത്യന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News