കണ്ണൂര്‍ പെരിങ്ങോം വയക്കര പഞ്ചായത്തില്‍ വയക്കര സ്‌കൂളിന് സമീപം ലഹരി വസ്തുക്കള്‍ വിറ്റ കട എസ് എഫ് ഐ പ്രവവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് പൂട്ടിച്ചു.

കടയുടമ പ്രാപ്പൊയില്‍ സ്വദേശി അലിയെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു.

വയക്കര സ്‌കൂളിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മദീന ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നു എന്നറിഞ്ഞാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇടപെട്ടത്.

നിജസ്ഥിതി മനസ്സിലാക്കാന്‍ എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ രണ്ട് പേര്‍ സ്‌കൂള്‍ യൂണിഫോമില്‍ എത്തി സിഗരറ്റ് ആവശ്യപ്പെട്ടു.

കടയുടമ ഇവര്‍ക്ക് സിഗരറ്റ് നല്‍കിയതോടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തി കട അടച്ചു പൂട്ടണം എന്ന് ആവശ്യപ്പെടുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

പെരിങ്ങോം എസ് ഐ യുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം എത്തി നടത്തിയ പരിശോധനയില്‍ കടയില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെടുത്തു.

ഇതിനെ തുടര്‍ന്ന് കടയുടമ പ്രാപ്പൊയില്‍ സ്വദേശി അലിയെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.

സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന ശക്തമാക്കുമെന്നും പെരിങ്ങോം പോലീസ് അറിയിച്ചു.