ലോക ലഹരി വിരുദ്ധ ദിനത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ എന്ന മുദ്രാമാക്യമുയര്‍ത്തി ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു.

റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും കടകളിലും കയറി
ലഹരിക്കും , ലഹരി മാഫിയക്കുമെതിരായ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നതും ലഹരിമാഫിയക്കെതിരായ ഡി.വൈ.എഫ്.ഐയുടെ ജില്ലാതല ഹെല്‍പ്പ് ഡസ്‌ക്കിന്റെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍ക്കൊളളുന്നതുമായ ലഘുലേഖയും വിതരണം ചെയ്തു.

പോസ്റ്റര്‍ ക്യാംപയിനും സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം പാളയത്ത് ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് വി.വസീഫ് നിര്‍വ്വഹിച്ചു.

ട്രഷര്‍ എല്‍.ജി.ലിജീഷ്,പി.ഷിജിത്ത്,പിങ്കി പ്രമോദ്,എം.വൈശാഖ്,എം.വി.നീതു,വി.പ്രശോഭ് എന്നിവര്‍ നേതൃത്വം നല്‍കി.

സമീപ കാലത്തായി യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് ലഹരി മാഫിയക്കെതിരായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.

ഇതിന്റെ പ്രാരംഭമായി മേഖലാതലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്.

250 ഓളം ജാഗ്രത സമിതികള്‍ ക്യമ്പയിന്റെ ഭാഗമായി രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.