വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞുകൂടി വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി. ഇതേ ആവശ്യമുന്നയിച്ച് യുവതി കോടതിയെ സമീപിച്ചു. മഹാരാഷ്ട്ര സ്വദേശിയായ 35കാരിയാണ് ആവശ്യവുമായി നന്ദേത് കുടുംബ കോടതിയെ സമീപിച്ചത്.

യുവതിയുടെ ആവശ്യത്തിന് മഹാരാഷ്ട്ര കോടതി അനുമതിയും നല്‍കി. യുവതിയില്‍ നിന്നും വിവാഹമോചനത്തിനായി 2017 ലാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ഒരു കുഞ്ഞുകൂടി വേണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്. ആര്‍ത്തവവിരാമത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലൂടെയോ ഐവിഎഫ് വഴിയോ ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

ദമ്പതികള്‍ക്ക് ഒരു കുട്ടി കൂടിയുണ്ട്. തന്റെ മകന് ഭാവിയില്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കാനും കരുതലിനും ഒരു കൂട്ട് ആവശ്യമാണെന്ന്് കരുതുന്നുവെന്നാണ് യുവതി വാദിച്ചത്. കുട്ടിക്ക് ജന്മം നല്‍കുക എന്നത് മനുഷ്യാവകാശമാണ് എന്ന് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ച യുവതിയുടെ ആവശ്യം ന്യായമാണെന്ന് കോടതി വിലയിരുത്തി.

എന്നാല്‍ ഇനിയൊരു കുഞ്ഞുകൂടി വേണമെന്ന യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. വിവാഹമോചനം കാത്തിരിക്കുന്ന സാഹചര്യത്തില്‍ തനിക്ക് ഇനിയൊരു കുഞ്ഞ് വേണമെന്നില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഐവിഎഫിലൂടെ പോലും യുവതിയില്‍ കുഞ്ഞ് വേണ്ടെന്നും ഇത് സാമൂഹ്യമര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ നിലപാട്.