ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല, കൂടെയുണ്ട് ഞങ്ങളും ഒരു ജനതയും; ശ്വേതാ ഭട്ടിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ

അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ സഞ്ജീവ് ഭട്ടിനോടുള്ള പകപോക്കലിനെതിരായ പോരാട്ടത്തില്‍ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി ഡിവൈഎഫ്ഐ.

അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പ്രീതിശേഖറും അഹമ്മദാബാദിലെ വീട്ടില്‍ ചെന്നാണ് പിന്തുണ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിനാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയസമ്മര്‍ദം അതിജീവിച്ച് ജോലി ഉത്തരവാദിത്തത്തോടെ ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്നും ശ്വേത പറഞ്ഞു.

മരിച്ച പ്രഭുദാസിന് ആന്തരികമായോ ബാഹ്യമായോ ഒരു ക്ഷതമോ പരിക്കോ ഏറ്റിട്ടില്ലെന്നും ശാരീരികമായോ മാനസികമായോ തളര്‍ന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മൃതദേഹപരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതൊരു സ്വാഭാവിക മരണമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ശ്വേത പറയുന്നു.

എല്‍ കെ അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ഭാരത്ബന്ദിനിടെ നടന്ന കലാപത്തിലാണ് കേസിനാസ്പദമായ സംഭവം.

അക്കാലത്ത് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്. ഉദ്യോഗസ്ഥര്‍ അവധിയിലായതിനാല്‍ ഭട്ടിന് ജംജോദ്പൂരിന്റെ അധിക ചുമതല ഉണ്ടായിരുന്നു.

ജംജോദ്പൂരിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ട പ്രഭുദാസ് വൈഷ്ണാനി ഉള്‍പ്പെടെ നൂറിലേറെപ്പേരെ കസ്റ്റഡിയിലെടുത്തത്.

ഒരിക്കല്‍പ്പോലും അവര്‍ ഭട്ടിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പോലും പ്രഭുദാസ് കസ്റ്റഡയില്‍ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ സഹോദരന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ അമൃത്‌ലാല്‍ ആണ് തെളിവുകളൊന്നുമില്ലാതെ പരാതി ഉന്നയിച്ചത്.

മഹാരാഷ്ട്ര സംസസ്ഥാന പ്രസിഡന്റ് അല്‍ത്താഫ് ഹുസൈന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഹലീം സിദ്ദിഖി, എസ്എഫ്ഐ നേതാവ് നിതീഷ് നാരായണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ശ്വേത ഭട്ടിന് ഐക്യദാര്‍ഡ്യവുമായി ഡിവൈഎഫ്ഐ മുംബൈയില്‍ ജൂലൈ ആദ്യവാരം ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News