ലോകത്തിന് നൊമ്പരമായ ഈ ചിത്രത്തെ വെറുത്ത് ട്രംപ്; ‘ഈ രാക്ഷസനും അയാളുടെ ഹൃദയമില്ലാത്ത ഭരണകൂടവുമാണ് ദുരന്തത്തിന് ഉത്തരവാദികള്‍’

ലോകത്തിന് നൊമ്പരമായ ഈ അച്ഛന്റെയും മകളുടെയും ചേതനയറ്റ ശരീരങ്ങളുടെ ചിത്രം പുറത്തുവന്നതോടെ ട്രംപിന്റെ കുടിയേറ്റവിരുദ്ധനയത്തിനെതിരെ രോഷം അലയടിക്കുന്നു.

എന്നാല്‍ പ്രതിപക്ഷമായ ഡെമൊക്രാറ്റുകളെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറാനാണ് ട്രംപിന്റെ ശ്രമം.
ലോകമാധ്യമങ്ങള്‍ ഒന്നാകെ ഏറ്റെടുത്ത ചിത്രത്തോട് ട്രംപിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഞാനതിനെ വെറുക്കുന്നു’.

”ഡെമൊക്രാറ്റുകളാണ് ഈ ദുരന്തത്തിന് ഉത്തരവാദികള്‍. ശരിയായ നിയമങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ഇത്തരം കുടിയേറ്റത്തിന് ആരും ശ്രമിക്കില്ലായിരുന്നു. എന്നാല്‍, അതിന് ഡെമോക്രാറ്റുകള്‍ അനുവദിക്കുന്നില്ല.”- ട്രംപ് പറഞ്ഞു.

അതേസമയം, കടുത്ത ദുരിതങ്ങളില്‍നിന്ന് രക്ഷതേടിയെത്തുന്ന അഭയാര്‍ഥികളോട് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുന്ന ട്രംപിന്റെ നയം മനുഷ്യത്വഹീനമാണെന്ന് ഡെമൊക്രാറ്റിക് സെനറ്റല്‍ കമല ഹാരിസ് പറഞ്ഞു. ട്രംപിനെ ഇംപീച്ച്‌ചെയ്യണമെന്ന് മിഷിഗണില്‍നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗം റാഷിദ ത്ലൈബ് ആവശ്യപ്പെട്ടു. ഈ രാക്ഷസനും അയാളുടെ ഹൃദയമില്ലാത്ത ഭരണകൂടവുമാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

എല്‍ സാല്‍വദോറില്‍നിന്നുള്ള ഇരുപത്തൊമ്പതുകാരനായ ആല്‍ബര്‍ട്ടോ റാമിറെസ് തന്റെ രണ്ടുവയസുകാരിയായ മകള്‍ വലേരിയയെ പുറത്തുകെട്ടിവച്ച് റയോ ഗ്രാന്‍ഡെ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കവേയാണ് മുങ്ങിമരിച്ചത്. മാധ്യമപ്രവര്‍ത്തക ജൂലിയ ലെ ദുക് എടുത്ത ചിത്രം മെക്‌സിക്കര്‍ പത്രം ലാ ജോര്‍നാദയാണ് ആദ്യം പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel