ഡ്രൈവറെ മര്‍ദിച്ച് ജയ് ശ്രീ റാം വിളിപ്പിച്ചു; വീണ്ടും കണ്ണില്ലാത്ത ക്രൂരത

മുംബൈ താനെയില്‍ ഓണ്‍ലൈന്‍ ടാക്‌സി കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. ദിവാ ടൗണിലേക്ക് യാത്രക്കാരുമായി പോയി തിരിച്ചുവരുമ്പോഴാണ് ഒരു സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയതും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.

ഫൈസല്‍ എന്ന യുവാവുമായി ഈ സംഘം വഴക്കുണ്ടാക്കുകയും ഇയാള്‍ മുസ്ലിമാണെന്ന് മനസ്സിലാക്കിയതോടെ മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ അഞ്ച് പ്രതികളുണ്ടെന്നും മൂന്ന് പേര്‍ പിടിയിലായെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലും ഒരു യുവാവ് ഇത്തരം ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ മുസ്ലിംയുവാവിനെയാണ് സംഘപരിവാറുകാര്‍ അടിച്ചുകൊന്നത്.

ഖരസവനിലാണ് സംഭവം. തബ്രിസ് അന്‍സാരിയാണ് മരിച്ചത്. ബൈക്ക് മോഷണം ആരോപിച്ചാണ് ഇയാളെ കഴിഞ്ഞ 18ന് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചത്.സംഭവത്തില്‍ പ്രധാന പ്രതിയായ പപ്പു മണ്ഡലടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ അനാസ്ഥ വരുത്തിയ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

മര്‍ദനത്തിനിടെ ഉച്ചത്തില്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ മുദ്രാവാക്യം വിളിക്കാന്‍ അന്‍സാരിയോട് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത അന്‍സാരി ശനിയാഴ്ചയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

വടിയുപയോഗിച്ച് അന്‍സാരിയെ അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പേര് പറഞ്ഞപ്പോഴാണ് ആള്‍ക്കൂട്ടം മുസ്ലിമാണെന്നുറപ്പിച്ച് അന്‍സാരിയെ ക്രൂരമായി മര്‍ദിച്ചത്.

പുണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ഖര്‍സ്വാനല്‍ ജൂണ്‍ 18നാണ് തബ്രീസ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാകുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു കസ്റ്റഡിയിലായിരുന്ന തബ്രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

തബ്രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുസ്ലിം ആയത് കൊണ്ട് മാത്രമാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് തബ്രീസിന്റെ പ്രതിശ്രുത വധു ഷഹിസ്ത പര്‍വീന്‍ ആരോപിച്ചിരുന്നു.

മുസ്ലിം ആയതിന്റെ പേരില്‍ തന്നെ മര്‍ദ്ദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായും ഷഹിസ്ത വെളിപ്പെടുത്തിയിരുന്നു. 24 കാരനായ തബ്രീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. വിവാഹ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളിലായിരുന്നു തബ്രീസ്.മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. അദ്ദേഹത്തെ മരത്തിന്റെ വടിയുപയോഗിച്ച് അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

അതേസമയം ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കി കൊല്ലപ്പെട്ട തബ്രീസ് അന്‍സാരിയുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സി.പി.ഐ.എം രംഗത്തെത്തിയിരുന്നു.

കൊലപാതകത്തില്‍ കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റെ നിശബ്ദതയ്ക്ക് എതിരെ സി.പി.ഐ.എം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രതിനിധി സംഘം അന്‍സാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കേസില്‍ നീതി ലഭിക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും കുടുംബത്തിന് ഇവര്‍ ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here