കൈകളിലും കാലുകളിലും വയറിലും കടിച്ചു, വലതുകൈ അറ്റുപോയി; സ്രാവുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം

 

 

കരീബിയന്‍ രാജ്യമായ ബഹാമാസില്‍ സ്രാവുകളുടെ ആക്രമണത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിയുമായ ജോര്‍ദാന്‍ ലിന്‍ഡ്സേയാണ് മൂന്ന് സ്രാവുകളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.

ജൂണ്‍ 26 ബുധനാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനായാണ് ലിന്‍ഡ്സേ ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്നോര്‍ക്കലിങ് ചെയ്യുന്നതിനിടെയാണ് സ്രാവുകള്‍ യുവതിയെ അക്രമിച്ചത്.

ഇരച്ചെത്തിയ മൂന്ന് സ്രാവുകള്‍ യുവതിയുടെ കൈകളിലും കാലുകളിലും വയറിലും കടിച്ചെന്നും ആക്രമണത്തില്‍ യുവതിയുടെ വലതുകൈ അറ്റുപോയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്നോര്‍ക്കലിങിനിടെ സ്രാവുകള്‍ വരുന്നത് കണ്ട് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിന്‍ഡ്സേ ഇത് കേട്ടില്ലെന്നും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യുവതിയെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നും ബഹാമാസ് ടൂറിസം മന്ത്രാലയവും അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. അതിനിടെ യുവതിയുടെ മൃതദേഹം കാലിഫോര്‍ണിയയില്‍ എത്തിക്കാന്‍ പണമില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നുണ്ട്. ഗോഫണ്ട്മീ പേജിലൂടെ ആരംഭിച്ച ധനസമാഹരണത്തില്‍ ഇതുവരെ 23000 ഡോളര്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഈ മാസം ആദ്യം അറ്റ്‌ലാന്റിക് ബീച്ചില്‍ വെച്ച് പേഗി വിന്റെര്‍ എന്ന 17കാരിയെ ബീച്ചില്‍ വച്ച് സ്രാവ് ആക്രമിച്ച സംഭവമുണ്ടായിരുന്നു. ബീച്ചില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ പെട്ടന്ന് സ്രാവിന്റെ ആക്രമണമുണ്ടാവുകയായിരുന്നു. പെണ്‍കുട്ടി ആര്‍ത്ത് വിളിച്ചു കരഞ്ഞതോടെ എല്ലാരും ഭയന്ന് പിന്മാറുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് കടലിലേക്ക് എടുത്തു ചാടി സ്രാവിനെ സാഹസികമായി എതിരിട്ട് മകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. സംഭവം നേരില്‍ കണ്ട ലേസി വോര്‍ട്ടണ്‍ പറയുന്നത് ഇങ്ങന്‍ ‘പെണ്‍കുട്ടി ആര്‍ത്ത് വിളിച്ചു കരയുന്നതാണ് ആദ്യം കണ്ടത്. ഇതോടെ ബീച്ചില്‍ അകെ ഭീകര അന്തരീക്ഷമായി ഔദ്യോഗസ്ഥര്‍ പല ഭാഗങ്ങളില്‍നിന്നും ഓടിയെത്തി. ഗാര്‍ഡ്‌സ് വിസില്‍ മുഴക്കിക്കൊണ്ടിരുന്നു.

കണ്ടുനിന്ന ഓരോരുത്തരും അലറി വിളിച്ചാണ് കരയിലേക്ക് ഓടിക്കയറിയത്. സ്രാവിനോട് മല്ലിട്ട് പിതാവ് മകളുടെ ജീവന്‍ രക്ഷിച്ചത് ശ്വാസം അടക്കിപ്പിടിച്ചാണ് ബീച്ചിലുള്ളവര്‍ കണ്ടത്’.സ്രാവിന്റെ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത്തേ കാല് മുറിച്ചു മാറ്റേണ്ടി വരും.

നിരവധി സര്‍ജറികള്‍ക്ക് ശേഷം മാത്രമേ പെണ്‍കുട്ടിക്ക് പൂര്‍ണ ആരോഗ്യം വീണ്‍ണ്ടെടുക്കാനാവു. ‘സ്വാഭവിക ജീവിതത്തിലേക്ക് തിരികെ വരാന്‍ എനിക്ക് കുറേ സമയം എടുക്കും എന്നറിയാമെന്നും പക്ഷേ ഞാന്‍ കാര്യങ്ങളെ പോസിറ്റീവ് ആയി കാണുന്നു എന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള പേഗി വിന്റെര്‍ പറഞ്ഞു.

പൊതുവേ കടലില്‍ ഏവരും ഭയക്കുന്ന ജീവികളായാണ് സ്രാവുകളെ കണക്കാക്കുന്നത്. അവയുടെ വേഗതയും മണം പിടിക്കാനുള്ള കഴിവും എന്തിനെയും ആക്രമിക്കാനുള്ള ശേഷിയുമാണ് സ്രാവുകളെ ഭയപ്പെടേണ്ട ജീവികളാക്കി മാറ്റുന്നത് തന്നെ. ഒരു വര്‍ഷത്തില്‍ ശരാശരി 3 പേരെങ്കിലും സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News