
സാമൂഹ്യപ്രവര്‍ത്തകരായ നരേന്ദ്ര ധാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി ശരദ് കലാസ്‌കര്‍ എന്നയാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇവരുടെയൊക്കെ കൊലപാതത്തിനു പിന്നില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നതായി പ്രതിയുടെ വെളിപ്പെടുത്തില്‍. ഈവന്റ് എന്ന പേരിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതക പദ്ധതി തയ്യാറാക്കിയതെന്നും വലതുപക്ഷ സംഘടനയില്‍പ്പെട്ടവരാണ് ഈ കൊലപാതകങ്ങളെല്ലാം നടത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ആസൂത്രണം, ആയുധങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു പിടിയിലുളള ശരദ് കലാസ്‌കറുടെ പങ്ക്. ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്ത പരശുറാം വാഗ്മാരെ ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചതും കൊലപാതകത്തിന്റെ ആസൂത്രണം, ആയുധങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയവ ചെയ്തതും ശരദ് കലാസ്‌കറായിരുന്നു.
കൂടാതെ നരേന്ദ്ര ധാബോല്‍കറെ വെടിവെച്ചുകൊന്നത് താനാണെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ തീരുമാനിക്കുന്നതും ഹിന്ദുത്വത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മചെയ്യാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തത് 2016 ഓഗസ്റ്റ് മാസത്തില്‍ പ്രതികള്‍ ബല്‍ഗാമില്‍ യോഗം ചേരുന്നതിനിടെയായിരുന്നു.
കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയാറാക്കിയതും ഈ യോഗത്തിനിടയ്ക്കാണ്. പിന്നീട് പ്രതികളിലൊരാളായ ഭരത് കുര്‍ണേയുടെ വീട്ടില്‍വെച്ചും പ്രതികള്‍ ഗൂഢാലോചന നടത്തി. ഇവിടെവെച്ചാണ് കൊലപാതകം സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കിയത്. അമോല്‍ കാലേ എന്നയാളാണ് ഓരോരുത്തരുടെയും ചുമതലകള്‍ വീതിച്ചുനല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ശരദ് കലാസ്‌കര്‍, പരശുറാം വാഗ്മാരെ, ഭരത് കുര്‍ണെ എന്നിവരും മറ്റൊരു പ്രതിയായ മിഥുന്‍ എന്നയാളും ചേര്‍ന്ന് ഭരത് കുര്‍ണെയുടെ വീടിന് സമീപത്തുള്ള ഒരു കുന്നില്‍ വെച്ച് വെടിവെക്കാനുള്ള പരിശീലനം നടത്തി.
ഓരുരുത്തരും 15-20 റൗണ്ട് വെടിയുതിര്‍ത്ത് പരിശീലനം നടത്തി. പിന്നീട് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരികെ പോകാനും കൊലപാതക ദിവസം മാത്രം വീണ്ടും സന്ധിക്കാനും അമോല്‍ കാലെ മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുന്നില്‍ വെടിയേറ്റു മരിക്കുന്നത്. നാലു വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അമോല്‍ കാലെയും നേരത്തെ അറസ്റ്റിലായിരുന്നു.
കൊലപാതകത്തിനു ശേഷം ശരദ് കലാസ്‌കര്‍ കൊല്ലാനുപയോഗിച്ച തോക്ക് പല കഷ്ണങ്ങളാക്കി മുംബൈ- നാസിക് ഹൈവേയിലുള്ള വ്യത്യസ്ത ഇടങ്ങളില്‍ ഉപേക്ഷിച്ചിരുന്നു. തോക്കിന്റെ ഭാഗങ്ങള്‍ പിന്നീട് സിബിഐ വിദഗ്ധരുടെ സഹായത്തോടെ കണ്ടെടുത്തിരുന്നു. ആയുധം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്രയിലെ നല്ലസോപ്പര എന്ന സ്ഥലത്തുനിന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശരദ് കലാസ്‌കര്‍ അറസ്റ്റിലായത്.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാള്‍ക്ക് ഗൗരി ലങ്കേഷ്, ധാബോല്‍കര്‍, പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളുമായുള്ള ബന്ധം വ്യക്തമായത്. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ സ്വവസതിയ്ക്ക് മുന്നില്‍വെച്ച് കൊല്ലപ്പെടുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തും വലിയ നടുക്കംസൃഷ്ടിച്ച, വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ കൊലപാതകത്തിലെ പ്രതികളെ മുഴുവന്‍ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികള്‍ക്കിതുവരെ കഴിഞ്ഞിട്ടുമില്ല.
പിടിയിലായവര്‍ ഹിന്ദുത്വ ഭീകരസംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞെങ്കിലും ആ സംഘടനയും നേതാക്കളും ഇപ്പോഴും ഇരുട്ടിന്റെ മറവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here