അങ്കമാലി അതിരൂപത ഭൂമിയിടപാട്; വത്തിക്കാന്‍ നടപടിയെ തള്ളി ഒരു വിഭാഗം വൈദികര്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വത്തിക്കാന്‍ നടപടിയെ തളളി ഒരു വിഭാഗം വൈദികര്‍. സഹായമെത്രാന്മാരെ മാറ്റിയത് അംഗീകരിക്കാനാവില്ല.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗ്‌നിശുദ്ധി വരുത്തി വിശ്വാസി സമൂഹത്തിന്റ സ്വീകാര്യത വീണ്ടെടുക്കണം.

അല്ലാത്തപക്ഷം ആര്‍ച്ച് ബിഷപ്പിനോട് സഹകരിക്കാനാവില്ലെന്നും ആലുവയില്‍ ചേര്‍ന്ന വൈദികരുടെ യോഗം പ്രമേയം പാസ്സാക്കി.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പിന്‍വലിച്ച എല്ലാ അധികാരങ്ങളും വത്തിക്കാനില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ച് ലഭിച്ചതോടെയാണ് എറണാകുളം- അങ്കമാലി അതിരൂപതയില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമായത്.

ആലുവ ചുണങ്ങുംവേലിയില്‍ ഒരു വിഭാഗം വൈദികര്‍ യോഗം ചേര്‍ന്ന് ആലഞ്ചേരിയിലെ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രമേയം പാസ്സാക്കി.

കര്‍ദ്ദിനാള്‍ തിരിച്ചെത്തിയതിന് പിന്നാലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും സ്ഥാനത്ത് നിന്നും നീക്കിയത് പ്രതികാര നടപടിയാണെന്ന് പ്രമേയത്തില്‍ പറയുന്നു.

ഭൂമിയിടപാട് വിഷയത്തില്‍ 400ഓളം വൈദികര്‍ പരസ്യപ്രതിഷേധം നടത്തിയിട്ടും എന്തുകൊണ്ടാണ് ഇവരെ മാത്രം മാറ്റിനിര്‍ത്തുന്നതെന്ന് വ്യക്തമാക്കണം.

26ാം തിയതി രാത്രി എട്ട് മണിക്കാണ് കര്‍ദ്ദിനാള്‍ അരമനയിലേക്ക് വീണ്ടും എത്തിയത്.

ആരുമറിയാതെ പൊലീസിന്റെ അകന്പടിയോടെ രാത്രിയില്‍ വന്ന് അധികാരം ഏറ്റെടുത്തത് അപഹാസ്യമാണ്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഡോ.ജോസഫ് ഇഞ്ചോടി കമ്മീഷന്‍ റിപ്പോര്‍ട്ടും കെപിഎംജി റിപ്പോര്‍ട്ടും വിശ്വാസികളെ അറിയിക്കാനുളള ബാധ്യത സഭയ്ക്കുണ്ട്.

ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദ്ദിനാള്‍ അഗ്‌നിശുദ്ധി വരുത്തി വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്തണം. എങ്കില്‍ മാത്രമേ കര്‍ദ്ദിനാളിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും വൈദികര്‍ പറയുന്നു.

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ വ്യക്തമായ ഉത്തരം നല്‍കാതെ കര്‍ദ്ദിനാളിനോടും അദ്ദേഹത്തിന്റെ കൂരിയയോടും സഹകരിക്കില്ലെന്നും ട്രാന്‍സ്ഫറുകളോ മാറ്റമോ അംഗീകരിക്കില്ലെന്നും വൈദികര്‍ വ്യക്തമാക്കി.

വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ഉള്‍പ്പെടെയുളള വൈദികര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസ്സാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here