ശബരിമല ഉള്‍പ്പെടുന്ന അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫിന്; ബിജെപിക്ക് കിട്ടിയത് 9 വോട്ട്; ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിക്കുന്നവര്‍ക്ക് മറുപടി

തിരുവനന്തപുരം: എല്‍ഡിഎഫ് തിരിച്ചടി നേരിട്ട ലോക്സഭാ തെരഞ്ഞെടുപ്പിന് 70 ദിവസങ്ങള്‍ക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പിലൂടെയുള്ള തിരിച്ചുവരവെന്നതില്‍ മുന്നണിക്ക് അഭിമാനിക്കാം.

പല വാര്‍ഡുകളിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ പിന്നോട്ടുപോയിടത്തുനിന്ന് കുതിച്ചെത്തിയാണ് എല്‍ഡിഎഫ് വിജയപീഠം കയറിയത്.

സംസ്ഥാനത്തെ 14 ല്‍ 13 ജില്ലകളിലെയും വിവിധ തദ്ദേശസ്ഥാപനങ്ങളിലേയും ജനങ്ങള്‍ വോട്ടുചെയ്ത് ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ജനഹിത പരിശോധനയായി കാണാം. ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും ഫലങ്ങളില്‍നിന്ന് വ്യക്തമാണ്.

ശബരിമല ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമായ റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

ശബരിമലയുടെ പേരില്‍ കലാപശ്രമം നടത്തിയ ബിജെപിക്കാകട്ടെ വെറും ഒമ്പത് വോട്ട് മാത്രമാണ് ഇവിടെനിന്നും ലഭിച്ചത്. ശബരിമലയുടെ പേരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് അവര്‍ മനസ്സിലാക്കി എന്നതിന് തെളിവാണ് ഇത്.

യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാന്താട് വാര്‍ഡ് യുഡിഎഫില്‍ നിന്നും 177 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിലധികം ഭൂരിപക്ഷമുണ്ടായിരുന്ന വാര്‍ഡാണിത്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആകെ ഒരുസീറ്റ് കൂടുതല്‍ കിട്ടിയതാകട്ടെ ചേര്‍ത്തല നഗരസഭയില്‍ യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തതാണ്.

കണ്ണൂര്‍ ധര്‍മ്മടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കഴിഞ്ഞ തവണ 211 വോട്ടുകള്‍ക്ക് വിജയിച്ച ബിജെപി സ്ഥാനാര്‍ഥി ഇത്തവണ 58 വോട്ടിനാണ് ജയിച്ചത്.

കായംകുളം നഗരസഭയില്‍ വിമതനില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത വാര്‍ഡില്‍ ബിജെപിക്ക് വെറും ആറ് വോട്ടാണ് ലഭിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്ക്കാലികമാണെന്ന സിപിഐഎമ്മിന്റെ വിലയിരുത്തല്‍ ശരിയണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here