കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി എഐസിസി സെക്രട്ടറിമാരുടെ രാജി

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍.

എഐസിസി സെക്രട്ടറിമാര്‍,ദില്ലി, തെലങ്കാന വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ അടക്കമുള്ള നേതാക്കള്‍ രാജി കത്ത് നല്‍കി. 120ഓളം നേതാക്കളാണ് ഇത് വരെ രാജിക്കത്ത് നല്‍കിയത്.

വിദേശ കാര്യ വിഭാഗം സെക്രട്ടറി വിരേന്ദര്‍ വശിശ്ത്, നിയമകാര്യ വിഭാഗം തലവന്‍ വിവേക് തന്‍ഹ, ഹരിയാന മഹിളകോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൌഹാന്‍,

എഐസിസി സെക്രട്ടറിമാരായ വീരേന്ദര്‍ റാത്തോര്‍, അനില്‍ ചൌധരി, രാജേഷ് ധര്‍മാണി, ദില്ലി തെലങ്കാന വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ തുടങ്ങിയവരാണ് ഇതിനോടകം രാജിവച്ചത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാനുറച്ച സാഹചര്യത്തിലാണ് നേതാക്കളുടെ സമ്മര്‍ദ തന്ത്രം. 120തോളം നേതാക്കള്‍ രാജിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയില്‍ സന്പൂര്‍ണ അഴിച്ചുപണിവേണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് പിന്നാലെ ദില്ലിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ അധ്യക്ഷ ഷീല ദീക്ഷിത് പിരിച്ചുവിട്ടു.

കര്‍ണാടക പിസിസിയും ഉത്തര്‍പ്രദേശ് ജില്ലാ കമ്മറ്റിയും എഐസിസി നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു.

എന്നാല്‍ ദില്ലി, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജി വെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നത് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

അതേ സമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതൃത്വവുമായി രാഹുല്‍ ഗാന്ധി ചര്‍ച്ചകളും നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here